|    Apr 26 Thu, 2018 8:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ബാലനീതി നിയമങ്ങള്‍ അനാഥകള്‍ക്ക് പീഡനമാവരുത്

Published : 28th July 2016 | Posted By: SMR

ബാലവേല നിയന്ത്രിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ ലോക്‌സഭയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അനാഥശാലകളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്നു മുസ്‌ലിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ സമീപകാലത്ത് അനാഥാലയങ്ങള്‍ക്കു നേരെ ദുഷ്പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗ് നേതാവ് ഉന്നയിച്ച പ്രശ്‌നം പ്രത്യേകം പ്രസക്തമാണ്. കേരളത്തില്‍ ബാലാവകാശ നിയമത്തിന്റെ കീഴില്‍ വരുന്ന ഉദ്യോഗസ്ഥരും അതുമായി ബന്ധപ്പെട്ട സമിതിയംഗങ്ങളില്‍ ചിലരും അനാവശ്യമായുണ്ടാക്കിയ വിവാദം സമീപകാലത്ത് അനാഥാലയങ്ങളില്‍ പൊതുവില്‍ തെറ്റായ രീതിയിലുള്ള പരിചരണമാണു ലഭിക്കുന്നത് എന്ന ധാരണയുണ്ടാവാന്‍ കാരണമായിരുന്നു. അനാഥകളുടെ രക്ഷയും വളര്‍ച്ചയുമെന്നതിലുപരി നിയമങ്ങള്‍ വികലമായി നടപ്പാക്കുന്ന ശീലം ഇത്തരം പല സമിതികള്‍ക്കുമുണ്ട്. അതുകൊണ്ടാണ് ബിഹാറിലും യുപിയിലും ബംഗാളിലുമൊക്കെയുള്ള അനാഥരായ ബാലികാബാലന്‍മാരെ കേരളത്തിലെ അനാഥാലയങ്ങള്‍ സംരക്ഷിക്കുകയും അവരെ സ്വന്തംകാലില്‍ നില്‍ക്കുന്നവരാക്കി തിരിച്ചയക്കുകയും ചെയ്യുന്നതില്‍ പലരും കുറ്റം കണ്ടെത്തിയത്. അപ്രായോഗികമായ നിബന്ധനകള്‍ അനാഥാലയങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചതുമൂലം പലയിടത്തും അന്തേവാസികളുടെ എണ്ണം കാര്യമായി കുറഞ്ഞു. ഭരണകൂടം വിട്ടുനില്‍ക്കുന്ന പരിരക്ഷണ മേഖലയിലൊക്കെ അനാഥാലയങ്ങള്‍ സേവനമനുഷ്ഠിക്കണമെന്ന നിലപാടിലാണ് അധികൃതര്‍ എന്നുതോന്നുന്നു. ഉദാഹരണത്തിന് അനാഥാലയങ്ങളില്‍ പ്രവേശനാധികാരം ചൈല്‍ഡ് ലൈനിനാണ്. സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ പോലുമില്ലാത്ത സൗകര്യം അനാഥാലയങ്ങള്‍ ഒരുക്കിയിരിക്കണം. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ തന്നെ ഇല്ലാതാക്കുന്നതാണ് നിര്‍ദേശങ്ങളില്‍ പലതും. അതിനാല്‍ ബാലവേല നിയമത്തിന്റെ പരിധിയില്‍ അനാഥാലയങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ അപകടം ചെറുതല്ല. കോര്‍പറേറ്റുകളെ സഹായിക്കുന്നതിനായി ബാല്യത്തിന്റെ പരിധി 14 വയസ്സാക്കി മാറ്റിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കാര്‍ഷിക-വ്യാവസായിക-സര്‍വീസ് മേഖലകളിലൊക്കെ ഇപ്പോള്‍ ജോലി കരാര്‍ കൊടുക്കുകയാണ്. ഒരു നിയമവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ബാലികാബാലന്‍മാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പല സമ്മര്‍ദ്ദങ്ങളും കാരണം വഴിയില്‍വച്ച് ഉപേക്ഷിക്കുന്നതാണ് പതിവ്. മാത്രമല്ല കോര്‍പറേറ്റ് പ്രീണനമാണ് വികസനം എന്നു കരുതുന്നവര്‍ നാടു ഭരിക്കുന്നതിനാല്‍ ബാലവേല കൂടുതലുള്ള രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ.
ബാലനീതി നിയമങ്ങള്‍ വേണ്ടതുതന്നെ. പക്ഷേ, അവ ജീവകാരുണ്യപ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും അധികാരദുര്‍വിനിയോഗത്തിനു സൗകര്യമൊരുക്കുന്നതുമാവരുത്. താരതമ്യേന സുതാര്യമായി പ്രവര്‍ത്തിക്കുന്നതാണ് കേരളത്തില്‍ വിവിധ മതക്കാര്‍ നടത്തുന്ന അനാഥശാലകള്‍. അവ അടച്ചുപൂട്ടാന്‍ സഹായിക്കുന്നതാവരുത് നിയമങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss