|    Nov 21 Wed, 2018 10:04 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ബാലകൃഷ്ണപ്പിള്ളയെ എല്‍ഡിഎഫ് പുറത്താക്കണം

Published : 3rd August 2016 | Posted By: SMR

മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരായി ആര്‍ ബാലകൃഷ്ണപ്പിള്ള നടത്തിയ പ്രസംഗം കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം തകര്‍ക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. ‘നായാടി മുതല്‍ നമ്പൂതിരിവരെ’യുള്ള ഹൈന്ദവസമൂഹങ്ങളില്‍ അന്യമതവിദ്വേഷം കുത്തിനിറയ്ക്കാനുള്ള അജണ്ട തല്‍പരകക്ഷികള്‍ കേരളത്തില്‍ നടപ്പാക്കിവരുന്നുണ്ട്. എന്‍എസ്എസ് യോഗത്തിലാണ് ബാലകൃഷ്ണപ്പിള്ള ഈ പ്രസംഗം നടത്തിയത്. എസ്എന്‍ഡിപി സദസ്സുകളില്‍ വെള്ളാപ്പള്ളി നടേശനും ഇമ്മാതിരി അധികപ്രസംഗങ്ങള്‍ നടത്താറുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളും ദലിതുകളും കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയും സ്വാശ്രയത്വവും ഹിന്ദുവര്‍ഗീയവാദികളുടെ മനസ്സില്‍ കലിപ്പുണ്ടാക്കുന്നു എന്നത് രഹസ്യമൊന്നുമല്ല. പിന്നാക്കസമുദായക്കാരുടെ വക്താവായി ഞെളിയുന്ന വെള്ളാപ്പള്ളി ഇന്ന് ഹിന്ദുത്വവര്‍ഗീയതയ്‌ക്കൊപ്പം ചേര്‍ന്ന് ഭാഗ്യപരീക്ഷണം നടത്തുകയാണ്. മുന്നാക്കസമുദായ വികസനത്തിന്റെ കരാറേറ്റെടുത്തു നടത്തുന്ന ബാലകൃഷ്ണപ്പിള്ളയും ആ വഴിയില്‍ തന്നെയാണോ എന്ന് ന്യായമായും ചോദിക്കണം.
ന്യൂനപക്ഷസമുദായങ്ങളുടെ, വിശേഷിച്ചും മുസ്‌ലിംകളുടെ നേരെ വിദ്വേഷപൂരിതമായ പ്രചാരണങ്ങള്‍ നാടുനീളെ നടക്കുന്നു. മുസ്‌ലിംകളെ ഇന്ത്യാ മഹാരാജ്യത്തുനിന്നു പുറത്താക്കണമെന്ന് ഉത്തരവാദപ്പെട്ട ഭരണാധികാരികളും മതനേതാക്കളും പറയുന്നു. ഇസ്‌ലാംമത പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. അസഹിഷ്ണുത നാനാവഴികളിലൂടെ പുറത്തുവരുന്ന ഇക്കാലത്തു തന്നെയാണ് പിള്ളയുടെ പ്രസംഗമെന്നത് ഗൗരവമേറിയ സംഗതിയാണ്. വായില്‍തോന്നിയതൊക്കെ പാട്ടാക്കി അവതരിപ്പിക്കുന്ന കോതയാണ് ബാലകൃഷ്ണപ്പിള്ള എന്നത് നേരുതന്നെ. ഇങ്ങനെ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന് പണികിട്ടിയ സംഗതിയും നമുക്കറിയാം. എന്നാല്‍, അങ്ങനെ കരുതി മാപ്പാക്കാവുന്ന പാതകമല്ല അദ്ദേഹം ചെയ്തത്. കേരളത്തിലെ സമുദായബന്ധങ്ങളില്‍ ആഴത്തില്‍ വിള്ളലുണ്ടാക്കുന്ന പ്രസംഗമാണത്. അതു സൃഷ്ടിക്കുന്ന പ്രകോപനത്തെ നിസ്സാരമാക്കി തള്ളിക്കൂടാ.
ബാലകൃഷ്ണപ്പിള്ള നിഷേധിച്ചിട്ടുണ്ട്. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് വിശദീകരിക്കുകയും മാപ്പുപറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല ഇത്. സാമുദായികസ്പര്‍ധയുളവാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ എല്‍ഡിഎഫില്‍നിന്നു പുറത്താക്കുകയാണു വേണ്ടത്. ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകള്‍ അകറ്റാന്‍ ബദ്ധശ്രദ്ധനായ മുഖ്യമന്ത്രി, പിള്ളയുടെ പ്രസംഗത്തിന്റെ അര്‍ഥധ്വനികള്‍ തിരിച്ചറിയണം. എല്‍ഡിഎഫിന്റെ മുതുകില്‍ എന്തിനാണ് ഇങ്ങനെയൊരു വിഴുപ്പുഭാണ്ഡം?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss