|    Dec 10 Mon, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗം: മാപ്പുചോദിച്ച് മകന്‍

Published : 3rd August 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. ഇക്കാര്യത്തില്‍ പോലിസ് നിയമോപദേശം തേടിയതായി കൊട്ടാരക്കര റൂറല്‍ എസ്പി അജിതാബീഗം പറഞ്ഞു. കേസെടുക്കുകയാണെങ്കില്‍ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്നതു സംബന്ധിച്ചാണു നിയമോപദേശം തേടിയത്.
കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടന്നാല്‍ മതിയെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പത്തനാപുരം കമുകുംചേരിയില്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുസ്‌ലിംകളെ അവഹേളിച്ച് ബാലകൃഷ്ണപ്പിള്ള രംഗത്തെത്തിയത്. നായയുടെ കുരപോലെയാണ് അഞ്ചുനേരത്തെ ബാങ്കുവിളിയെന്നും ഇതുകേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ലെന്നുമാണു പിള്ളയുടെ പരാമര്‍ശം. വിവാദപ്രസംഗം വ്യാപക പ്രതിഷേധത്തിനു വഴിവച്ചതോടെയാണു പിള്ളയ്‌ക്കെതിരേ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
കൊല്ലം റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയിലാണു നടപടി. പുനലൂര്‍ ഡിവൈഎസ്പി എ ഷാനവാസിനാണ് അന്വേഷണച്ചുമതല. മൂന്നു പരാതികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കു കൈമാറിയതായും നിയമോപദേശം ലഭിച്ചശേഷം മാത്രമേ ബാലകൃഷ്ണപ്പിള്ളയെ ചോദ്യംചെയ്യുകയുള്ളൂവെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രസംഗത്തിന്റെ പല ശബ്ദരേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്നു വിവരങ്ങള്‍ തേടുന്ന നടപടിയും പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
നിയമോപദേശം ഇന്നു ലഭിക്കുകയാണെങ്കില്‍ നാളെ തന്നെ ജില്ലാ പോലിസ് ചീഫിന് റിപോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണു സൂചന. അതിനിടെ, ബാലകൃഷ്ണപ്പിള്ളയുടെ വിവാദപ്രസംഗത്തില്‍ ഖേദപ്രകടനവുമായി മകനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ എല്ലാ മതവിഭാഗങ്ങളോടും ഖേദം പ്രകടിപ്പിക്കുന്നതായി ഗണേഷ് വ്യക്തമാക്കി.
എല്ലാ വിഭാഗക്കാരോടും സഹകരിക്കാന്‍ തന്നെ പഠിപ്പിച്ചത് അച്ഛനാണ്. ആ അച്ഛന്റെ ഇത്തരത്തിലുള്ള പ്രതികരണം ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗത്തെ മന്ത്രി കെ രാജു തള്ളിപ്പറഞ്ഞു. അടച്ചിട്ട മുറിയിലായാലും തുറന്നിട്ട മുറിയിലായാലും ഇത്തരം നിലപാട് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ചെയര്‍മാന്റെ വിവാദ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ഉയരുകയാണ്. പ്രസ്താവനയില്‍ സത്യമുണ്ടെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കൊട്ടാരക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ എ ഷാജു അറിയിച്ചു.  കൊട്ടാരക്കരയിലും പത്തനാപുരത്തും ചില പ്രവര്‍ത്തകര്‍ രാജിസന്നദ്ധത പ്രഖ്യാപിച്ചതായാണു വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss