|    Dec 13 Wed, 2017 7:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ ലൈസന്‍സ്: ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കെ ബാബു

Published : 24th July 2016 | Posted By: SMR

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിജിലന്‍സ് എഫ്‌ഐആര്‍ ഉന്നത ഗൂഢാലോചനയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും ഭാഗമാണെന്നും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു. ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ബാബുവിനെതിരേ കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് കെ ബാബു ആരോപണമുന്നയിച്ചത്.
താന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുക മാത്രമാണു ചെയ്തത്. ഒരു ഉദ്യോഗസ്ഥന്റെയും അധികാരം കവര്‍ന്നെടുക്കുകയോ തന്റെ വിവേചനാധികാരം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.അബ്ക്കാരി ചട്ടങ്ങള്‍ക്കു വിധേയമായി മാത്രമാണു നടപടികളെടുത്തിട്ടുള്ളത്.
ബാര്‍ കേസില്‍ മുന്‍ സര്‍ക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഒന്നും വ്യക്തിപരമായി എടുത്ത തീരുമാനമല്ല. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനങ്ങള്‍ വകുപ്പുമന്ത്രിയെന്ന നിലയില്‍ നടപ്പാക്കുകയായിരുന്നു. തനിക്കെതിരേ നടത്തിയ ത്വരിത അന്വേഷണ റിപോര്‍ട്ടില്‍ കഴമ്പുണ്ടെന്നു പറയുന്ന വിജിലന്‍സിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ 19ന് ആണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. പിന്നീട് 21ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍ നിയമ പരിശോധന പൂര്‍ത്തിയാക്കുകയും ഡയറക്ടര്‍ ഫയല്‍ പരിശോധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തതായി പറയുന്നു. ഇതില്‍ ദുരൂഹതയുണ്ട്. എഫ്‌ഐആര്‍ മുന്‍ക്കൂട്ടി തയ്യാറാക്കിയതാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും കെ ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക