|    Apr 21 Sat, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ ലൈസന്‍സ്: കെ ബാബു 100 കോടിയുടെ അഴിമതി നടത്തിയെന്ന് റിപോര്‍ട്ട്

Published : 23rd July 2016 | Posted By: SMR

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു 2011-16 കാലഘട്ടത്തില്‍ മുന്‍ഗണനാക്രമം പാലിക്കാതെ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനു കീഴിലെ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് നൂറുകോടിയിലധികം രൂപയുടെ അഴിമതി നടത്തിയതായി വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപോര്‍ട്ട്. ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവയ്ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായിട്ടാണ് ലൈസന്‍സ് നല്‍കിയത്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകളില്‍ പലതും മന്ത്രി മാസങ്ങളോളം താമസിപ്പിച്ചു. ചില അപേക്ഷകളില്‍ ഉടന്‍ അനുമതി നല്‍കിയപ്പോള്‍ മറ്റു ചിലതിന്റെ കാര്യത്തില്‍ നാലു മാസം വരെ തീരുമാനം വൈകിച്ചു. ഇത് അഴിമതി നടത്തുന്നതിനാണെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നിര്‍ദേശം അനുസരിച്ച് മന്ത്രി കെ ബാബു നേരിട്ട് ഇടപെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും അതോടൊപ്പം മന്ത്രിയുടെ ബിനാമികള്‍ ചേര്‍ന്ന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ അട്ടിമറിക്കുകയും ചെയ്തു. മന്ത്രിയുടെ സുഹൃത്തുക്കളെയും ബിനാമികളെയും അതിരുവിട്ടു സഹായിക്കുന്നതിനു വേണ്ടി ചട്ടങ്ങള്‍ പാലിക്കാതെ നിരവധി ബിവറേജസ് കോര്‍പറേഷന്‍ മദ്യശാലകള്‍ അടച്ചുപൂട്ടി. ഹോട്ടല്‍ ഉടമകള്‍ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനം കൈക്കൂലി നല്‍കിയില്ലെങ്കില്‍ ബാര്‍ ലൈസന്‍സ് തുക വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രിയും കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ അധികൃതരും ചേര്‍ന്നു ഭീഷണിപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ മന്ത്രിക്കു വേണ്ടി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വന്‍തുക ഹോട്ടല്‍ മുതലാളിമാരില്‍ നിന്നു കൈപ്പറ്റിയിരുന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ എക്‌സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയിരുന്ന മുഴുവന്‍ ഫയലുകള്‍ക്കും എക്‌സൈസ് മന്ത്രിയുടെ അനുമതി നിര്‍ബന്ധമാക്കിയതിനു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
മന്ത്രിക്ക് കൈക്കൂലി നല്‍കുന്നതിനായി ഹോട്ടലുടമകളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചുവെന്നും ത്വരിതപരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss