|    May 23 Tue, 2017 3:10 am
FLASH NEWS

ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി; മുന്‍മന്ത്രി ബാബുവിനെതിരേ വിജിലന്‍സ് കേസെടുത്തു

Published : 22nd July 2016 | Posted By: SMR

മൂവാറ്റുപുഴ: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും അഴിമതി നടത്തിയെന്ന പരാതിയില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരേ വിജിലന്‍സ് കേസെടുത്തു.
ത്വരിതപരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് റേഞ്ച് എസ്പി ടി നാരായണന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്ക് ആണ് എഫ്‌ഐആറും ത്വരിതപരിശോധനാ റിപോര്‍ട്ടും സമര്‍പ്പിച്ചത്.
ത്വരിതപരിശോധനയുടെ ഭാഗമായി ബാബുവിന്റെയും എക്‌സൈസ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണര്‍ ഓഫിസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്കു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വ്യക്തമാക്കുന്നതാണു വിജിലന്‍സ് കോടതിയില്‍ നല്‍കിയ 25 പേജുള്ള ത്വരിത പരിശോധനാ റിപോര്‍ട്ട്.
ബാര്‍ലൈസന്‍സിനും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുമുള്ള അപേക്ഷകള്‍ മന്ത്രി മാസങ്ങളോളം വച്ചുതാമസിപ്പിച്ചതിനു വിജിലന്‍സിന് തെളിവു ലഭിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ചില അപേക്ഷകളില്‍ ഉടന്‍ അനുമതി നല്‍കിയപ്പോള്‍ മറ്റുചിലതിന്റെ കാര്യത്തില്‍ നാലുമാസം വരെ തീരുമാനം വൈകിച്ചു. ഇത് അഴിമതി നടത്തുന്നതിനാണെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ബിവറേജസ് കോര്‍പറേഷന്‍ തയ്യാറാക്കിയ 67 ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ നിന്നു മന്ത്രി ഇടപെട്ട് 12 ഔട്ട്‌ലെറ്റുകള്‍ ഒഴിവാക്കുകയും പകരം മന്ത്രിയുടെ ഓഫിസിന്റെ താല്‍പര്യപ്രകാരമുള്ള 12 ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതു ബാറുടമകളില്‍ ചിലരെ സഹായിക്കാനാണെന്ന ആരോപണവും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കേസിന്റെ തുടരന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിക്കുമെന്നാണു സൂചന. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടേതാണ് അന്തിമ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day