|    Apr 23 Mon, 2018 2:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ബാര്‍: പൊതുജനത്തെ വിഡ്ഢികളാക്കുന്നവര്‍

Published : 25th April 2016 | Posted By: SMR

IMTHIHAN-SLUG-352x300സംസ്ഥാനത്ത് ആറു പഞ്ചനക്ഷത്ര ബാറുകള്‍ കൂടി അനുവദിച്ചിരിക്കുന്നു. ഇതോടെ പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം ബാര്‍ ലൈസന്‍സ് അനുവദിച്ച സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം പത്തായി. സുപ്രിംകോടതി വരെ പോയാണ് പലരും പഞ്ചനക്ഷത്രപദവിയും അതുവഴി ബാര്‍ ലൈസന്‍സും ഒപ്പിച്ചിരിക്കുന്നത്. അങ്ങനെ കൊച്ചുകേരളത്തിലെ ആകെ ബാറുകളുടെ എണ്ണം മുപ്പതായി. മൂന്നും നാലും നക്ഷത്രപദവിയുള്ള ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സ് ലഭിക്കാന്‍വേണ്ടി പഞ്ചനക്ഷത്രപദവി നേടാനുള്ള അക്ഷീണ പ്രയത്‌നത്തിലാണത്രെ.
പുതുതായി 10 ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് ലൈസന്‍സിനായി അപേക്ഷയും നല്‍കി കാത്തിരിക്കുന്നുണ്ട്. അവകൂടി ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഓരോ താലൂക്കിലും ഒരു പഞ്ചനക്ഷത്ര ബാര്‍ എന്ന അവസ്ഥയിലേക്ക് ഈ നാട് വളരുമെന്നു കരുതാം. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി 10 വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന പഴയ വാഗ്ദാനം മറക്കാതെ എടുത്തുപറയുന്ന യുഡിഎഫ് പ്രകടനപത്രിക പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ബാറുകള്‍ അനുവദിച്ച വാര്‍ത്ത പുറത്തുവരുന്നത് എന്നതാണ് ഏറെ കൗതുകകരം. അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നതും ഏറെ കൊട്ടിഘോഷിക്കുന്നതും ബാര്‍ നിരോധനം തന്നെയാണ് എന്നതും ചേര്‍ത്തുവായിക്കണം.
ചാരായനിരോധനത്തിനുശേഷം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കുള്ള രണ്ടാമത്തെ ചവിട്ടുപടിയായാണ് ബാര്‍ നിരോധനം അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ കേരളം ഏറെ പ്രതീക്ഷയോടെയാണ് ആ തീരുമാനത്തെ എതിരേറ്റത്. പക്ഷേ, യഥാര്‍ഥത്തില്‍ ബാറുകള്‍ അടച്ചുപൂട്ടാന്‍ മദ്യവിരുദ്ധ ഇടയലേഖനങ്ങള്‍ പള്ളിമേടകളില്‍ വച്ച് ഇടയ്ക്കിടെ കേള്‍ക്കാറുള്ള സത്യക്രിസ്ത്യാനികളായ ഉമ്മന്‍ചാണ്ടിയോ ധനകാര്യമന്ത്രി കെ എം മാണിയോ ശ്രീനാരായണീയനായ എക്‌സൈസ് മന്ത്രി കെ ബാബുവോ, എന്തിന് മുന്നണിയിലെ രണ്ടാമനായ സാക്ഷാല്‍ പാണ്ടിക്കടവത്ത് കുഞ്ഞാപ്പപോലുമോ ആഗ്രഹിച്ചിരുന്നില്ലെന്നത് ഈ നാട്ടിലെ കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. കോണ്‍ഗ്രസ്സിലെയും രാഷ്ട്രീയത്തില്‍ തന്നെയും വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂര്‍വ ജീവജാലങ്ങളുടെ പരിരക്ഷ അര്‍ഹിക്കുന്ന വി എം സുധീരന്‍ നിലവാരമില്ലായ്മ കാരണം അടഞ്ഞുകിടന്നിരുന്ന മുന്നൂറില്‍പ്പരം ബാറുകള്‍ തുറക്കാന്‍പാടില്ലെന്ന ‘അനാവശ്യ’ കടുംപിടിത്തം പിടിച്ചപ്പോള്‍ പാര്‍ട്ടിയിലെ അപ്രമാദിത്വം നിലനിര്‍ത്താന്‍ നില്‍ക്കക്കള്ളിയില്ലാതായ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച ഒരു അടവായിരുന്നു അതെന്നും ഏവര്‍ക്കുമറിയാം. വീണതു വിദ്യയാക്കാന്‍ കുഞ്ഞൂഞ്ഞിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അതായത് ബാറുകള്‍ നിരോധിച്ചതു വഴി കേരളത്തിലെ കുടുംബങ്ങള്‍ക്കു കിട്ടിയ ആശ്വാസം ചക്ക വീണപ്പോള്‍ കിട്ടിയ മുയലു മാത്രമായിരുന്നു എന്നു ചുരുക്കം.
ഭരണത്തിന്റെ ആദ്യപകുതിയില്‍ തന്റെ അനിതരസാധാരണമായ ചടുലതകൊണ്ട് ജനപ്രിയനും സര്‍വസ്വീകാര്യനുമായി അറിയപ്പെട്ടിരുന്ന മുഖ്യമന്ത്രി ഭരണത്തിന്റെ അവസാന നാളുകളിലേക്കു കടക്കുമ്പോള്‍ യുഡിഎഫിന്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും സ്വന്തം കരങ്ങള്‍കൊണ്ടുതന്നെ അടിക്കാനുള്ള ബദ്ധപ്പാടിലാണെന്നു തോന്നുന്നു. സോളാറില്‍ പിഴച്ചുതുടങ്ങിയ ചാണ്ടിയുടെ കൈ തൊട്ടതിലെല്ലാം പൊള്ളുന്നു. പലതും പിന്‍വലിച്ച് മുഖം രക്ഷിക്കേണ്ടിവന്നു.
ഭരണത്തിന്റെ പൊന്‍തൂവലായി ജനസമക്ഷം ആകെ അവതരിപ്പിക്കാനുണ്ടായിരുന്ന ബാര്‍ നിരോധനവും പുതിയ ഉത്തരവു വഴി സ്വാഹ! ബാറുകള്‍ അനുവദിച്ച നടപടി സ്വാഭാവികമാണെന്നും കോടതിവിധി പിന്തുടരുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നു. കോടതിയെ വെറുതെവിടാം സാര്‍, കോടതിയെക്കാളും ധാര്‍മികബോധത്തെക്കാളും അങ്ങ് വിലകല്‍പിക്കുന്ന മനസ്സാക്ഷി എന്തുപറയുന്നു. പൊതുജനത്തെപ്പോലെ മനസ്സാക്ഷിയെയും വിഡ്ഢിയാക്കാമോ സാര്‍?
ഉപദംശം: ബാര്‍ നിരോധനത്തില്‍നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെ ഒഴിവാക്കാന്‍ എല്ലാ സര്‍ക്കാരുകളും പറയാറുള്ള ന്യായം അതു ടൂറിസത്തെ ബാധിക്കുമെന്നാണ്. എന്നാല്‍, സമ്പൂര്‍ണ മദ്യനിരോധനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ എല്ലാ നക്ഷത്രപദവിക്കാരെയും ‘നക്ഷത്രമെണ്ണിച്ച്’ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കി വാക്കുപാലിച്ച് ആര്‍ജവം തെളിയിച്ചിരിക്കുന്നു. മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്നു പറഞ്ഞവരോട് നിതീഷ് പറഞ്ഞത്, ടൂറിസ്റ്റുകള്‍ ബിഹാറില്‍ വരുന്നത് കള്ളുകുടിക്കാനല്ല, ബിഹാറിന്റെ സംസ്‌കാരവും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാനാണ് എന്നാണ്. മാത്രമല്ല കള്ളുകുടിക്കാന്‍ ആരും ബിഹാറിലേക്കു വരേണ്ടതില്ല എന്നും 4,000 കോടിയുടെ വരുമാനം വേണ്ടെന്നുവച്ചുകൊണ്ട് നിതീഷ് പ്രഖ്യാപിച്ചിരിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭക്ഷണവിതരണത്തില്‍ തമിഴ്‌നാട്ടിലെ അമ്മ മോഡല്‍ അനുകരിക്കുമെന്നു പറഞ്ഞപോലെ ബിഹാറിലെ തങ്ങളുടെ സഖ്യകക്ഷി നേതാവായ നിതീഷ് മോഡല്‍ നടപ്പാക്കുമെന്നാണു പ്രഖ്യാപിക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss