|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കൂടുതല്‍ ജാഗരൂകരാവണം: സുപ്രിംകോടതി

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ നിയമ കോളജുകളിലും സര്‍വകലാശാലകളിലും പരിശോധന നടത്തുമ്പോള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് സുപ്രിംകോടതി. രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ക്ലാറ്റ് (സിഎല്‍എടി) നടത്തുന്നതിന് സ്ഥിരം സമിതി രൂപീകരിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധന്‍ ഷംനാദ് ബഷീര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ക്ലാറ്റ് നടത്താനുള്ള അധികാരം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു വിടുന്നതിനോട് കോടതി യോജിച്ചു.
ദേശീയതലത്തിലുള്ള മറ്റു പ്രവേശന പരീക്ഷകള്‍ നടത്തുന്നതുപോലെ ക്ലാറ്റും ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത് നല്ലതായിരിക്കുമെന്നും അത് ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകരമാവുമെന്നുമാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവുകളൊന്നും കോടതി പുറപ്പെടുവിച്ചില്ല. ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ ക്ലാറ്റ് പരീക്ഷകള്‍ നടത്തുന്നതിനായി രാജ്യത്തെ 21 ലോ യൂനിവേഴ്‌സിറ്റികളുടെ ക ണ്‍സോര്‍ഷ്യം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന്, കണ്‍സോര്‍ഷ്യത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് നരസിംഹ കോടതിയെ അറിയിച്ചു. പരീക്ഷ നടത്തുന്നതിന് ഉചിതമായ ചട്ടക്കൂടും സംവിധാനവും തയ്യാറാക്കുമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഹരജിക്കാരന് വേണ്ടി ഹാജരായ മുതി ര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും സുഹൈബ് ഹുസയ്‌നും ടെസ്റ്റിങ് ഏജന്‍സി തന്നെ ക്ലാറ്റ് നടത്തണമെന്നു വാദിച്ചു. ഇതോടെയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തന്നെ ക്ലാറ്റും നടത്തുന്നതിനോടുള്ള തങ്ങളുടെ യോജിപ്പ് കോടതി വ്യക്തമാക്കിയത്.
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഎഇ (മെയിന്‍), നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), കോമ ണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നീ പ്രവേശന പരീക്ഷകളും നിലവില്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss