|    Apr 26 Thu, 2018 9:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാര്‍ കോഴ: സിബിഐ ഉചിതം

Published : 22nd November 2015 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ പൊതുപ്രസ്താവനകള്‍ നടത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാമര്‍ശം നടത്തരുതെന്നും ഹൈക്കോടതി. ആരോപണവിധേയനായ കെ എം മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്താണ് പ്രസക്തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സി കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ വിലയിരുത്തി.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കെ എം മാണിക്കും എതിര്‍കക്ഷികള്‍ക്കും നോട്ടീസയക്കാനും ഉത്തരവിട്ടു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 2ലേക്ക് മാറ്റി. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്.
ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിയായ കെ എം മാണിയുടെ വാദം കേട്ടില്ലെന്നും ആരോപിച്ച് തൊടുപുഴ അറക്കുളം സ്വദേശി സണ്ണി മാത്യു നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിയാക്കാതെയാണ് വിജിലന്‍സ് നടപടിയെന്നും ഹരജിയില്‍ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നതര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ നീതിപൂര്‍വമായി അന്വേഷണം നടക്കുമെന്നു കരുതാനാവില്ല. അതിനാല്‍ കേസ് സിബിഐക്കു കൈമാറുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് നിലപാട് ആരായാനുള്ള നീക്കത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി എതിര്‍ത്തു. പ്രാരംഭ വാദം പോലും പൂര്‍ത്തിയാവാത്ത കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് ആരായുന്നത് ശരിയല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പിന്നീട് കൂടുതല്‍ വാദം കേള്‍ക്കാനായി ഹരജി ഉച്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി. ഉച്ചയ്ക്കു ശേഷം കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്തിമ റിപോര്‍ട്ട് പരിഗണിക്കാതെ കേസ് ഡയറിയും മറ്റും പരിശോധിച്ച് മാണിക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദം ആരംഭിച്ചു. കേസ് സിബിഐക്കു വിടണമെന്ന ആവശ്യം നേരത്തേ ഡിവിഷന്‍ ബെഞ്ച് തള്ളിയതാണെന്നും ഇനി ഈ ആവശ്യത്തിനു പ്രസക്തിയില്ലെന്നും അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി.
എന്നാല്‍, രണ്ടു ഹരജികളും വ്യത്യസ്ത സാഹചര്യത്തിലുള്ളതാണെന്നു കോടതി വ്യക്തമാക്കി. അതേസമയം, വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായ റിവിഷന്‍ ഹരജി അപ്രസക്തമാണെന്ന് കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ പാലക്കാട് ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്റ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരേ വിജിലന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ മറ്റൊരു ബെഞ്ച് തുടരന്വേഷണ തീരുമാനം ശരിവച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടരന്വേഷണം സിബിഐക്കു കൈമാറുകയാണ് ഉചിതമെന്നും അദ്ദേഹം വാദിച്ചു.
വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ് കോടതിയിലെ പരാതിക്കാരായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സാറ ജോസഫ്, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ബിജു രമേശ് തുടങ്ങിയവര്‍ക്ക് നോട്ടീസയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss