|    Jan 21 Sat, 2017 5:36 am
FLASH NEWS

ബാര്‍ കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരേ വിജിലന്‍സ് ഹൈക്കോടതിയില്‍

Published : 19th October 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസില്‍ എഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ആര്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശനെ മാനസികമായി പീഡിപ്പിച്ച് തന്റെ വരുതിയില്‍ നിര്‍ത്താന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചു. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഇതിന്റെ തെളിവാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാര്‍ കോഴക്കേസില്‍ സാക്ഷിമൊഴിയുടെ വിശ്വാസ്യതയുടെ കാര്യത്തിലും സജി ഡൊമിനിക്കിന്റെ നീക്കങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ശങ്കര്‍ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും അപ്രകാരമുള്ള സൂക്ഷ്മപരിശോധനാ റിപോര്‍ട്ടും അന്തിമ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാന്‍ കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സുകേശന്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
അന്തിമ റിപോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് അനുസൃതമായി കേസ് ഡയറിയിലുള്ള വസ്തുതകള്‍ ഉള്‍പ്പെടുത്താന്‍ ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളില്‍ വാദം തുടങ്ങണമെന്നും കോടതിയില്‍ അന്തിമ റിപോര്‍ട്ടും രേഖകളും സമര്‍പ്പിച്ചെന്നും അക്കാര്യത്താലാണ് സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് രണ്ടാംതവണ ഉത്തരവിടാത്തതെന്നും വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ജ്യോതികുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടതിനെതിരേ ശങ്കര്‍ റെഡ്ഡി നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക