|    May 28 Sun, 2017 8:50 am
FLASH NEWS

ബാര്‍ കോഴ വിവാദം; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപോര്‍ട്ട് പുറത്ത്

Published : 6th September 2016 | Posted By: SMR

കോട്ടയം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപോര്‍ട്ട് പുറത്തായി. കെ എം മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് കോട്ടയത്തു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ബാര്‍ കോഴയില്‍ സി എഫ് തോമസ് എംഎല്‍എ അധ്യക്ഷനായി പാര്‍ട്ടി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപോര്‍ട്ട് കെ എം മാണി പരസ്യപ്പെടുത്തിയത്. എറണാകുളത്ത് താമസിക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും സൂചിപ്പിക്കുന്നു. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള, നിലവിലെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്, ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍, ബാര്‍ ഉടമ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു.
ഇടതുപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാവാന്‍ കെ എം മാണി ശ്രമിക്കുന്നുവന്ന് തെറ്റുദ്ധരിപ്പിച്ചാണ് ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനെയും ഗൂഢാലോചനയില്‍ പങ്കാളിയാക്കിയത്. സ്വന്തം നിലയില്‍ കണ്ടെത്തിയ തെളിവുകളും നിഗമനങ്ങളും റിപോര്‍ട്ടിലുണ്ടെന്നും കെ എം മാണി യോഗത്തില്‍ വ്യക്തമാക്കി. മുമ്പ് അന്വേഷണ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ മാണി തയ്യാറായിരുന്നില്ല. ഇതിനിടെ പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ടിനെതിരേ പാ ര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്, വൈസ് ചെയര്‍മാന്‍ സി എഫ് തോമസ് എന്നിവര്‍ രംഗത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day