|    Jan 22 Sun, 2017 9:33 am
FLASH NEWS

ബാര്‍ കോഴ: യുഡിഎഫിന് വീണ്ടും തലവേദന

Published : 28th August 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് യുഡിഎഫിന് വീണ്ടും തലവേദനയാവുന്നു. കെ എം മാണി മുന്നണി വിട്ടെങ്കിലും മാണിയെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് യുഡിഎഫ്. കെ എം മാണിക്കെതിരേ മാത്രമല്ല, മുഖ്യമന്ത്രിക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളിലേക്കും അന്വേഷണം നീളുമെന്നതാണ് യുഡിഎഫിനെ കുഴക്കുന്നത്. മാണിക്കെതിരേ സിപിഎം പ്രതികാരരാഷ്ട്രീയം നടത്തുന്നുവെന്ന ആരോപണം കെപിസിസി പ്രസിഡന്റ് പരോക്ഷമായി ഉന്നയിക്കുന്നതും ഇതിന്റെ ഭാഗമായാണ്.
അതേസമയം, തുടരന്വേഷണം കെ എം മാണിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുന്നതിനാണ് ഇടയാക്കിയിരിക്കുന്നത്. കൂടാതെ മുന്നണി വിട്ടശേഷം അനിശ്ചിതത്വത്തിലായ കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമായി മാറി. യുഡിഎഫ് സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തി ബാര്‍ കോഴക്കേസിലെ അന്വേഷണ റിപോര്‍ട്ട് അട്ടിമറിച്ചെന്നായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്‍ ഇന്നലെ കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ എല്‍ഡിഎഫിന്റെ പഴയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ തുടരന്വേഷണത്തിനുള്ള ഉത്തരവ് രാഷ്ട്രീയമായി യുഡിഎഫിനെ പ്രതിരോധത്തിലാക്കും.
വീണ്ടും മൊഴിയെടുക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത ഒരുവിഭാഗം ബാറുടമകള്‍ പഴയ നിലപാട് മാറ്റിയാല്‍ അന്വേഷണത്തിന്റെ ദിശതന്നെ മാറും. വ്യത്യസ്ത റിപോര്‍ട്ടുകള്‍ നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്റെ വിശ്വാസ്യതയെ ചോദ്യംചെയ്താണ് യുഡിഎഫ് ബാര്‍ കോഴക്കേസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
തുടരന്വേഷണ ഉത്തരവിലൂടെ കെ എം മാണിയെന്ന രാഷ്ട്രീയനേതാവിന്റെ ഭാവി ഇരുളടഞ്ഞതായി മാറിയിരിക്കുകയാണ്. യുഡിഎഫ് വിട്ട ശേഷം മാണിയോട് സിപിഎം നേതൃത്വം മൃദുസമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. പ്രശ്‌നാധിഷ്ഠിത പിന്തുണവരെയെത്തിയിരുന്നു രാഷ്ട്രീയ നീക്കങ്ങള്‍. എന്നാല്‍, പുതിയ ഉത്തരവിലൂടെ മുന്നണി പ്രവേശനത്തിന്റെ വാതിലുകള്‍ എല്‍ഡിഎഫ് കൊട്ടിയടയ്ക്കുകയാണ്. അഴിമതിക്കാരുമായി കൂട്ടുകൂടാനില്ലെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത് ഇതിന്റെ സൂചനയാണ്.
സിപിഎം നേതൃത്വത്തിന്റെ അറിവില്ലാതെ സുപ്രധാനമായ ബാര്‍ കോഴക്കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് അട്ടിമറിച്ചെന്നാരോപിച്ചു കോടതിയെ സമീപിക്കില്ലെന്നു വ്യക്തമാണ്. ഇതുതന്നെയാണ് മാണിക്കെതിരേ സിപിഎം നിലപാട് കടുപ്പിച്ചെന്നു തെളിയിക്കുന്നത്. ബിജെപി പാളയത്തിലേക്ക് കെ എം മാണി നീങ്ങിയാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരുക്ക് മുറുക്കുമെന്നതും ഉറപ്പാണ്.
യുഡിഎഫ് ഭരണകാലത്ത് മാണിയെ മുന്നണിയില്‍നിന്നടര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം നീക്കം നടത്തിയിരുന്നതായി പി സി ജോര്‍ജ് ഉള്‍പ്പെടെ പല നേതാക്കളും വെളിപ്പെടുത്തിയിരുന്നു. ഇതിനോട് മാണി അനുകൂല സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ബാര്‍ കോഴ വിവാദം തലപൊക്കുന്നത്. ഇപ്പോള്‍ യുഡിഎഫില്‍ നിന്നു പുറത്തുവന്ന മാണി എന്‍ഡിഎയിലേക്കെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാണിക്ക് കുരുക്കായി ബാര്‍ കോഴയെത്തുന്നതിനു പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 228 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക