|    May 25 Thu, 2017 10:40 am
FLASH NEWS

ബാര്‍ കോഴ: മാണിക്കെതിരേ തുടരന്വേഷണം

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ജഡ്ജി എ ബദ്‌റുദ്ദീനാണ് ഉത്തരവിട്ടത്. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തുകൊണ്ടുവരണമെന്നും നശിപ്പിക്കപ്പെട്ട തെളിവുകള്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
മാണിക്കെതിരായ രണ്ടാമത്തെ തുടരന്വേഷണ ഉത്തരവാണിത്. നേരത്തേ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവ്. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചതായി എസ്പി സുകേശന്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. അട്ടിമറി നടന്നുവെന്ന സംശയം ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നിരത്തിയത്. ശങ്കര്‍ റെഡ്ഡിയുടെ ഇടപെടല്‍ കാരണം നീതിപൂര്‍വമായ അന്വേഷണത്തിന്  സാധിച്ചില്ലെന്നും കേസ് ഡയറിയില്‍ റെഡ്ഡി കൃത്രിമം നടത്തിയെന്നും സുകേശന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
തെളിവുകളും മാണിക്കെതിരേ കുറ്റപത്രം വേണമെന്ന ശുപാര്‍ശയും ശങ്കര്‍ റെഡ്ഡി തള്ളിയതിനു പുറമെ രണ്ടാം വസ്തുതാ റിപോര്‍ട്ടും നിരാകരിച്ചു. വിജിലന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഒരു ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിച്ചെന്ന ഗുരുതരമായ ആരോപണം വിജിലന്‍സ് എസ്പി തന്നെ ഉന്നയിക്കുന്ന സവിശേഷ സാഹചര്യമാണ് കോടതിയിലുണ്ടായത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നിയമോപദേശം തേടിയ ശേഷം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതാണ് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചതെന്നാണ് സുകേശന്‍ ആരോപിച്ചത്. തുടരന്വേഷണത്തിലും മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്.
അതേസമയം, മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പരാതിയില്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. മാണിക്കെതിരേ പുതിയ തെളിവുകളില്ലെന്നും പുതിയ വെളിപ്പെടുത്തലുകള്‍ ആരെങ്കിലും നടത്തിയാല്‍ മാത്രം തുടരന്വേഷണം നടത്താം എന്നുമായിരുന്നു വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ റിപോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
അതിനിടെ, ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ നിന്നു എസ്പി ആര്‍ സുകേശനെ ഒഴിവാക്കി. കേസ് അന്വേഷണത്തില്‍ താല്‍പര്യമില്ലെന്ന് സുകേശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. പകരം ഡിവൈഎസ്പി നജ്മല്‍ ഹുസയ്ന്‍ ആയിരിക്കും തുടരന്വേഷണം നടത്തുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day