|    Jan 18 Wed, 2017 9:42 pm
FLASH NEWS

ബാര്‍ കോഴ: തുടരന്വേഷണം വേണ്ടെന്ന് കോടതിയില്‍ വിജിലന്‍സ്; തെളിവു നല്‍കിയാല്‍ മാണിക്കെതിരേ അന്വേഷണമാവാം

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരേ തുടരന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ്. പരാതിക്കാര്‍ ആരെങ്കിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയാലോ പുതിയ സാഹചര്യങ്ങള്‍ വന്നാലോ മാത്രം വീണ്ടും അന്വേഷണം മതിയെന്നാണ് കോടതിയില്‍ വിജിലന്‍സ് സ്വീകരിച്ച നിലപാട്.
മാണിയെ കുറ്റവിമുക്തനാക്കിയ റിപോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 16ലേക്കു മാറ്റി. കേസ് നേരത്തേ പരിഗണിച്ചിരുന്ന ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ സ്ഥലം മാറിയതിനാല്‍ പുതിയ ജഡ്ജി എ ബദറുദ്ദീനാണ് വാദം കേട്ടത്. കേസില്‍ വിജിലന്‍സ് വീണ്ടും അന്വേഷണത്തിന് തയ്യാറെടുക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ഹരജിക്കാരിയായ സാറാ ജോസഫിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി വിജിലന്‍സ് അഭിഭാഷകനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്.
മറ്റൊരു ഹരജിക്കാരനായ വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തി. തുടരന്വേഷണ റിപോര്‍ട്ട് തള്ളിക്കളഞ്ഞ് കെ എം മാണിക്കെതിരേ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു വിഎസിന്റെ നിലപാട്. ഇതിനെ എതിര്‍ത്ത് ബിജെപി നേതാവ് വി മുരളീധരന്റെ അഭിഭാഷകന്‍ രംഗത്തുവന്നത് കോടതിക്കുള്ളില്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനു കാരണമായി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിഎസ് കേസില്‍ ഇടപെട്ടതെന്ന് മുരളീധരന്റെ അഭിഭാഷകന്‍ ആരോപിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് ഒരുകോടി രൂപ കോഴ കൊടുത്തുവെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്. കെ എം മാണി രണ്ടുതവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണമായും തള്ളിയാണ് എസ്പി ആര്‍ സുകേശന്‍ കോടതിയില്‍ തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയതുമൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു സുകേശന്റെ കണ്ടെത്തല്‍. മാത്രമല്ല, ഏകദൃക്‌സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ലെന്നും ബാറുടമകള്‍ പിരിച്ച പണത്തിന്റെ കണക്ക് കൃതൃമായി രേഖപ്പെടുത്തിയിരുന്നുവെന്നും തുടരന്വേഷണ റിപോര്‍ട്ടില്‍ സുകേശന്‍ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക