|    Nov 25 Sat, 2017 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ കോഴ: തുടരന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ കര്‍ശന നിരീക്ഷണത്തില്‍

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ഇതുവരെയുള്ള തെളിവുകളും കേസ് ഡയറിയും വിശദമായി പരിശോധിച്ചായിരിക്കും രണ്ടാം തുടരന്വേഷണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബാര്‍ ഉടമകളുടെ നിലപാടും നിര്‍ണായകമാവും. അന്വേഷണത്തിന്റെ മുന ആരോപണവിധേയരായ മറ്റുള്ളവരിലേക്കും നീളുമെന്നാണ് സൂചന.
ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ തുടങ്ങിയ കേസ് കെ എം മാണിയുടെ രാജിയിലും മറ്റു മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലേക്കും നീണ്ടിരുന്നു. ഒരു കേസ് തന്നെ പല കേസുകള്‍ക്കു വഴിവച്ചതും അന്വേഷണ ഉദ്യോഗസ്ഥനെതിരേയുണ്ടായ അന്വേഷണവും കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ രാജിയും ഉള്‍പ്പെടെ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായി.
ബാര്‍ കോഴയിലെ രണ്ടാം തുടരന്വേഷണത്തില്‍ പഴുതുകളടച്ചുള്ള അന്വേഷണമാവും വിജിലന്‍സ് നടത്തുക. കോടതിയിലിരിക്കുന്ന പഴയ കേസ് ഡയറിയില്‍ നിന്നുതന്നെയാവും അന്വേഷണത്തിന്റെ തുടക്കം. ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയും ടെലിഫോണ്‍ രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളും വീണ്ടും വിശദമായി പരിശോധിക്കും. അന്വേഷണച്ചുമതലയില്‍ നിന്ന് എസ്പി ആര്‍ സുകേശനെ ഒഴിവാക്കി ഡിവൈഎസ്പി നജ്മല്‍ ഹസനെ ഏല്‍പിച്ചെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തിലാവും തുടരന്വേഷണം.
കേസില്‍ എടുത്ത കര്‍ശന നിലപാടിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അന്നത്തെ എഡിജിപി ജേക്കബ് തോമസ് വിജലന്‍സിന്റെ തലപ്പത്തിരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണ അന്വേഷണത്തിനുണ്ട്. കൂടാതെ, മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സുകേശന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും പരിശോധിക്കേണ്ടിവരും.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ എം മാണി ബാര്‍ ഉടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലാണ് കേസിന് ആധാരം. പ്രത്യക്ഷത്തില്‍ മാണിക്കെതിരായ കേസാണെങ്കിലും അന്ന് ആരോപണവിധേയരായ മറ്റു മന്ത്രിമാര്‍ക്കെതിരേയും അന്വേഷണത്തിന്റെ മുന നീളുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക