|    Jul 22 Sat, 2017 12:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാര്‍ കോഴ ഗൂഢാലോചന; കോണ്‍ഗ്രസ്-മാണി ബന്ധം ഉലയുന്നു

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. വിവാദത്തില്‍ തനിക്കെതിരേ ഗൂഢാലോചന ആരോപിച്ച് കെ എം മാണി രംഗത്തെത്തിയതോടെ ഒരിടവേളയ്ക്കുശേഷം യുഡിഎഫില്‍ ഭിന്നത ഉടലെടുത്തു. സ്വകാര്യ ചാനല്‍ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേരള കോണ്‍ഗ്രസ് (എം) നേതാവുകൂടിയായ മാണിയുടെ പരോക്ഷ വിമര്‍ശനം.
താന്‍ എല്‍ഡിഎഫിലേക്ക് പോയേക്കുമെന്നു ചിലര്‍ സംശയിച്ചെന്നും ഇതേത്തുടര്‍ന്ന് യുഡിഎഫില്‍ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. മാന്യതകൊണ്ട് പേരുപറയുന്നില്ല. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹത്തിനു മാന്യതയുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കരുതായിരുന്നു. കെപിസിസി പ്രസിഡന്റ് പറഞ്ഞതില്‍ കഴമ്പുണ്ടെന്നും മാണി തുറന്നടിച്ചു.
തനിക്കെതിരേ യുഡിഎഫിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെയും മാണി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എല്‍ഡിഎഫിലേക്ക് പോവാനുള്ള നീക്കത്തെക്കുറിച്ച് മാണി പരോക്ഷമായി പ്രതികരിക്കുന്നത് ആദ്യമായാണ്. ഇതിനു പിന്നാലെ ബാര്‍ കോഴ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന ആരോപണവുമായി കേരളാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗം രംഗത്തെത്തി. വിഷയം ചര്‍ച്ചചെയ്യാന്‍ സ്റ്റിയറിങ് കമ്മിറ്റി വിളിക്കാനാണു മാണി വിഭാഗത്തിന്റെ ആലോചന.
അതിനിടെ, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പല സമയങ്ങളിലായി എല്‍ഡിഎഫിലേക്കു ചേക്കേറാന്‍ കെ എം മാണി ശ്രമിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് അന്വേഷണസമിതി അംഗമായിരുന്ന ആന്റണി രാജു വെളിപ്പെടുത്തി. ഇടുക്കി പട്ടയം, കസ്തൂരിരംഗന്‍ റിപോര്‍ട്ട് തുടങ്ങിയ വിഷയങ്ങളെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. പിന്നീട്, മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹത്തിലാണു മാണി എല്‍ഡിഎഫിലേക്കു ചേക്കേറാന്‍ ശ്രമിച്ചതെന്നും ആന്റണി രാജു പറഞ്ഞു. യുഡിഎഫ് വിടാനുള്ള മാണിയുടെ നീക്കം തടഞ്ഞതു മകന്‍ ജോസ് കെ മാണിയും ഭാര്യയുമാണെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എം മുന്‍ നേതാവ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ ആവശ്യപ്രകാരം താന്‍ എല്‍ഡിഎഫ് നേതാക്കളെ കണ്ടിരുന്നതായും ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, ആരെയും തളച്ചിടുന്ന രീതി യുഡിഎഫിന് ഇല്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ബാര്‍ കോഴയില്‍ നീതിപൂര്‍വമായ അന്വേഷണമാണു നടന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക