|    Jul 21 Fri, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാര്‍ കോഴ: കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്തിയെന്ന് വിജിലന്‍സ് കോടതി

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴയിലെ കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍. അന്വേഷണം തടസ്സപ്പെടാതിരിക്കാന്‍ ഡയറി മടക്കിനല്‍കും. അതേസമയം, കേസ് ഡയറിയിലെ എട്ട്, ഒമ്പത് വാല്യങ്ങള്‍ കോടതി പരിശോധിക്കും. ഇതിനായി ഇവയുടെ പകര്‍പ്പ് നല്‍കണമെന്ന് നിര്‍ദേശം നല്‍കി.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്കും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി സുകേശനുമെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആദ്യവാദം കേട്ട ശേഷമാണ് കോടതി കേസ് ഡയറി പരിഗണിച്ചത്. അപ്പോള്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡയറിയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ കോടതി ഇന്നു വിധി പറയും.
പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി എം ബദ്‌റുദ്ദീന്‍ ഉത്തരവിട്ടിരുന്നു. നാലായിരത്തിലധികം പേജുള്ള 14 വാള്യങ്ങള്‍ ഉള്ളതാണ് ഡയറി. ഹരജിയില്‍ പറയുന്ന ചില വസ്തുതകളുള്ള 1,500ഓളം പേജ് വരുന്ന എട്ട്, ഒമ്പത് എന്നീ വാള്യങ്ങളുടെ പകര്‍പ്പ് കോടതിയുടെ ബന്തവസ്സില്‍ സൂക്ഷിക്കാനാണ് ഉത്തരവ്. ഇതു വിശദമായി പരിശോധിച്ച ശേഷമാവും ശങ്കര്‍റെഡ്ഡി, സുകേശന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക.
ശങ്കര്‍ റെഡ്ഡി സമ്മര്‍ദം ചെലുത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു വ്യക്തമാക്കി സുകേശന്‍ നല്‍കിയ ഹരജി പരിഗണിച്ച് തുടരന്വേഷണം നടത്താന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ബാര്‍ ഉടമകളുടെ  മൊഴികള്‍ പരാമര്‍ശിക്കുന്ന ഭാഗത്തും തെളിവുകള്‍ സംബന്ധിച്ച ഭാഗത്തും കേസ് ഡയറിയില്‍ മാറ്റം വരുത്താന്‍ ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക