|    Apr 24 Tue, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ കോഴ: അന്വേഷണസംഘം വിപുലീകരിച്ചു

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. മുമ്പ് നിശ്ചയിച്ചിരുന്ന സംഘത്തിനു പുറമേ ആറ് ഉദ്യോഗസ്ഥരെക്കൂടി നിയമിച്ചാണ് സംഘം വിപുലീകരിച്ചത്. കോട്ടയം, ആലപ്പുഴ, ഇടുക്കി വിജിലന്‍സ് യൂനിറ്റുകളില്‍നിന്നും രണ്ട് ഉദ്യോഗസ്ഥരെ വീതമാണ് നിയമിച്ചത്. ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ഉജ്ജ്വല്‍കുമാര്‍, രക്ഷിത്, സരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, തുടരന്വേഷണത്തില്‍ ബാറുടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ബാറുടമകളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നതിനാലാണ് വീണ്ടും മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍, ഏതെങ്കിലും ബാറുടമകള്‍ മൊഴി നല്‍കാന്‍ സ്വമേധയാ സമീപിച്ചാല്‍ മൊഴി രേഖപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്നാണ് വിജിലന്‍സ് നിലപാട്.
വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ നടത്തിയ ആദ്യഅന്വേഷണത്തിലും തുടരന്വേഷണത്തിലുമായി 300ഓളം ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ പണം പിരിച്ചതുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും മറ്റു ബാറുടമകളും നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. കെ എം മാണിക്ക് കോഴ നല്‍കാനാണ് പണം പിരിച്ചതെന്ന് ബിജു മൊഴി നല്‍കിയപ്പോള്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുള്ള നിയമനടപടികള്‍ക്കാണ് പണം പിരിച്ചതെന്ന് മറ്റുചിലര്‍ മൊഴി നല്‍കി.
അതേസമയം, ഫോണ്‍കോള്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബാര്‍കോഴ കേസന്വേഷണത്തില്‍ വന്‍ പിഴവുകളുണ്ടായെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. വിന്‍സന്‍ എം പോളിന്റേയും ശങ്കര്‍ റെഡ്ഡിയുടെയും കാലത്താണ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചത്. വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ഘട്ടത്തിലാണ് ബാര്‍കോഴ കേസന്വേഷണത്തില്‍ വലിയ പിഴവുകളുണ്ടായതെന്നാണ് ഇപ്പോഴത്തെ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വിലയിരുത്തല്‍. പിന്നീടെത്തിയ എന്‍ ശങ്കര്‍ റെഡ്ഡിയുടെ ഭാഗത്തുനിന്നും പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടായില്ല. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിന് വിധേയരായെന്നാണ് ഇപ്പോള്‍ വിജിലന്‍സിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്റെ പക്കല്‍നിന്നും വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടാണ് തെളിവുകള്‍ ശേഖരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss