|    Oct 23 Mon, 2017 10:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴ അന്വേഷണത്തിനെതിരേ മുന്‍ ഡയറക്ടര്‍ ഹൈക്കോടതിയില്‍

Published : 7th October 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശന്‍ നല്‍കിയ വസ്തുതാ റിപോര്‍ട്ട് വിശദമായി പരിഗണിച്ച് മേല്‍നോട്ടക്കുറിപ്പുകളാണു താന്‍ നല്‍കിയത്.
വിജിലന്‍സ് ഡയറക്ടര്‍ എന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥന് ഇതിനുള്ള നിയമപരമായ അധികാരമുണ്ട്. വസ്തുതാ റിപോര്‍ട്ടിലെ പിശകുകള്‍ തിരുത്താനും കൂടുതല്‍ വ്യക്തത ആവശ്യമുള്ള കാര്യങ്ങളില്‍ നിര്‍ദേശം നല്‍കാനുമാണു മേല്‍നോട്ടക്കുറിപ്പ് നല്‍കുന്നത്.
ഇതു നിയമവിരുദ്ധമാണെന്നു വന്നാല്‍ വിജിലന്‍സ് അന്വേഷണങ്ങളിലെ പിഴവുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാട്ടാനാവാത്ത സ്ഥിതിവരുമെന്നും ഹരജിയില്‍ പറയുന്നു.
ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നിരിക്കെ കേസ് അട്ടിമറിച്ചുവെന്ന ആരോപണം കളവാണ്.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ താന്‍ ഡയറക്ടറായിരിക്കെ ലോകായുക്തയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലുള്ള പകയാണ് അദ്ദേഹം തനിക്കെതിരേ കാട്ടുന്നതെന്നും ശങ്കര്‍ റെഡ്ഡിയുടെ ഹരജി ചൂണ്ടിക്കാണിക്കുന്നു.
കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി
കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്‍ കേസിലെ മുഖ്യ സാക്ഷികളെ ചോദ്യം ചെയ്തിരുന്നില്ലെന്ന് ബിജെപി നേതാവ് അഡ്വ. നോബിള്‍ മാത്യു ഹൈക്കോടതിയെ അറിയിച്ചു.
ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ മുന്‍മന്ത്രി കെ എം മാണി നല്‍കിയ ഹരജിയില്‍ കക്ഷിചേരാന്‍ അനുമതിതേടി നല്‍കിയ അപേക്ഷയിലാണ് നോബിള്‍ മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.
മാണി മന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നു രാജ്കുമാര്‍ ഉണ്ണി കുറവിലങ്ങാട്ടുള്ള കുഞ്ഞപ്പനെ മൊബൈല്‍ ഫോണില്‍ വിളിച്ചതിനും കുഞ്ഞപ്പന്‍ തിരിച്ച് മാണിയെ വിളിച്ചതിനും വ്യക്തമായ തെളിവുകളുണ്ട്.
എന്നിട്ടും കുഞ്ഞപ്പനെ ചോദ്യംചെയ്യാന്‍ ഇതുവരെ സുകേശന്‍ തയ്യാറായിട്ടില്ലെന്നും നോബിള്‍ മാത്യു പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക