|    Jan 19 Thu, 2017 3:50 am
FLASH NEWS

ബാര്‍ കോഴയുടെ പാപവും ജനങ്ങള്‍ ഏറ്റെടുക്കട്ടെ

Published : 29th August 2016 | Posted By: SMR

കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിക്കെതിരായ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ബാര്‍ കോഴക്കേസിനു പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുകയും കെ എം മാണി രാജിവച്ചിറങ്ങാന്‍ ഇടയാവുകയും ചെയ്ത കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച്, തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് ജഡ്ജി എ ബദ്‌റുദ്ദീനാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുകേശന്‍ തന്നെ ഈ വിഷയത്തില്‍ പലപ്പോഴും മലക്കംമറിഞ്ഞിരുന്നു എന്നൊരു തമാശയും കഥയിലുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശില്‍ നിന്നു കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങി എന്നതാണ് ഈ കേസിലെ മുഖ്യ ആരോപണം. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തുകൊണ്ടുവരണമെന്നും നശിപ്പിക്കപ്പെട്ട തെളിവുകള്‍ കണ്ടെത്തണമെന്നും കോടതി പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.
കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന എന്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചതായി എസ്പി സുകേശന്‍ ഹരജിയില്‍ ആരോപിക്കുന്നു. ആരോപണം ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് ഹരജിയില്‍ നിരത്തുന്നത്. മാണിക്കെതിരേ കുറ്റപത്രം വേണമെന്ന ശുപാര്‍ശ തള്ളിയതിനു പുറമേ വസ്തുതാ റിപോര്‍ട്ടും ശങ്കര്‍ റെഡ്ഡി നിരാകരിച്ചുവത്രേ. വിജിലന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഒരു ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിച്ചെന്ന ഗുരുതരമായ ആരോപണം വിജിലന്‍സ് എസ്പി തന്നെ ഉന്നയിക്കുന്ന അത്യപൂര്‍വ സാഹചര്യമാണ് ഉണ്ടായത്.
എന്നാല്‍, ഇവിടെ ഏറ്റവും വിചിത്രമായി തോന്നുന്ന വസ്തുത എല്‍ഡിഎഫ് ഭരണകൂടത്തിന്റെ നിലപാടുകളാണ്. ബാര്‍ കോഴ അടക്കം യുഡിഎഫ് ഭരണകൂടത്തിന്റെ അഴിമതിക്കഥകളും നെറികേടുകളും വാരിവിതറി പ്രചാരണം നടത്തിയാണ് അവര്‍ ഭരണത്തിലേറിയത്. എന്നാല്‍, ജനഹിതത്തിന്റെ പാലം കടന്നുകിട്ടിയതോടെ അവരുടെ സ്വരം മാറുന്നതായാണ് നാം കാണുന്നത്. ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണവിഷയത്തില്‍ യുഡിഎഫിന്റെ അതേ നിഷേധാത്മക നയമാണ് ഇടതുപക്ഷവും സ്വീകരിച്ചത്. മാണി യുഡിഎഫില്‍ നിന്ന് ഇടതുകാല്‍ വച്ചിറങ്ങിയതോടെ പാപങ്ങള്‍ക്ക് പാതി പരിഹാരമായെന്ന മട്ടിലായിരുന്നു ഇടതുമുന്നണിയുടെ നില്‍പ്. മാണിയും കൂട്ടരും വന്നാല്‍ തങ്ങളുടെ അവസ്ഥ പരിതാപകരമാവുമെന്നു കണ്ട് സിപിഐ ഇടയ്ക്കിടെ എതിര്‍പ്പുയര്‍ത്തുന്നു എന്നേയുള്ളൂ.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോണ്‍ഗ്രസ് മുന്നണി വിടുന്നതിന്റെ രാഷ്ട്രീയ ലാഭനഷ്ടങ്ങളാണ് മുഴച്ചുനില്‍ക്കുന്നത്. അതായത്, കെ എം മാണി തിരിച്ചുവന്നാല്‍ എല്ലാം പൊറുത്തുതരാം എന്നാണ് അവര്‍ നല്‍കുന്ന സൂചന. ഇത്രയേയുള്ളൂ ഈ മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം. അതുകൊണ്ട് ഇവരെയൊക്കെ ഭരണമേല്‍പിച്ച പാപത്തോടൊപ്പം ബാര്‍ കോഴയുടെ പാപം കൂടി ജനങ്ങള്‍ തന്നെ ഏറ്റെടുക്കുന്നതാവും ഉചിതം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 216 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക