|    Apr 28 Fri, 2017 2:09 am
FLASH NEWS

ബാര്‍ കോഴക്കേസ്: ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Published : 25th October 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരായ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം തുടരാമെന്നു ഹൈക്കോടതി. കേസില്‍ പ്രതികാരബുദ്ധിയോടെയുള്ള അന്വേഷണമല്ല നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് ഡയറക്ടറും ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിനു നിര്‍ദേശിച്ച ഉത്തരവില്‍ വിജിലന്‍സ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിപാദിച്ച വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സമര്‍പ്പിച്ച റിപോര്‍ട്ട് വിജിലന്‍സ് കോടതി ചവറ്റുകൊട്ടയില്‍ തള്ളണമായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
തനിക്കെതിരായ വിജിലന്‍സ് കോടതിയിലെ പരാതി റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണ ഉത്തരവ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ ശങ്കര്‍ റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ പ്രതികാരബുദ്ധിയോടെയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബാര്‍ കോഴക്കേസിലെ കേസ് ഡയറി പരിശോധിച്ച് മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് നിയമാനുസൃതമല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍, ബാര്‍ കോഴക്കേസിലെ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ജഡ്ജി കേസ് ഡയറി പരിശോധിച്ചതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഐപിഎസ് റാങ്കിലുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കിയാല്‍ യാതൊരു ഫലവും ഉണ്ടാകില്ലെന്ന ധാരണയിലാണ് പരാതിക്കാരന്‍ നേരിട്ട് കോടതിയില്‍ എത്തിയതെന്നും ഇതില്‍ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day