|    Jun 25 Mon, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴക്കേസ് വഴിത്തിരിവിലേക്ക് : ബിജു രമേശ് നല്‍കിയ ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് റിപോര്‍ട്ട്

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വഴിത്തിരിവിലേക്ക്. മാണിക്കെതിരായി പരാതിക്കാരനായ ബാറുടമ ബിജുരമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിനു നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. അഹ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. പരിശോധനാ റിപോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ഈമാസം നാലിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഈ റിപോര്‍ട്ടും പരിശോധിക്കും. ബാര്‍ കോഴയിലെ രണ്ടാം തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, സംഭാഷണം റെക്കോഡ് ചെയ്ത ഫോണ്‍ പൂര്‍ണമായും പരിശോധിക്കാതെ സിഡി മാത്രമായാണ് ലാബില്‍ പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആധികാരികമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെയാണ് ബാര്‍ കോഴക്കേസില്‍ ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്. ഫോണ്‍ സംഭാഷണങ്ങളില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഇത് ആധികാരികമല്ലെന്നുമാണു പരിശോധനാഫലം. ഈ ഫലം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കേസില്‍ കൈവശമുള്ള തെളിവുകളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അന്വേഷണറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു. അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നു കരുതിയിരുന്ന ശബ്ദരേഖയിലും കൃത്രിമം നടന്നുവെന്ന റിപോര്‍ട്ടുവന്നതോടെ അന്വേഷണസംഘം പ്രതിസന്ധിയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷവും കേസില്‍ തെളിവില്ലെന്ന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഗസ്ത് 27ന് കേസില്‍ സമ്മര്‍ദമുണ്ടായെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍ സുകേശന്റെ ഹരജി പരിഗണിച്ച് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss