|    Jul 24 Mon, 2017 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍ കോഴക്കേസ്: മാണി കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നു- കുമ്മനം

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണി കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്നാല്‍, നിലവില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാടു വ്യക്തമാക്കിയാല്‍ മാണിയുടെ മുന്നണി പ്രവേശനത്തിന് മുന്നില്‍ വാതിലടയ്ക്കില്ലെന്ന വ്യക്തമായ സൂചനയും കുമ്മനം നല്‍കി. കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടു വ്യക്തമായശേഷം അവരെ എന്‍ഡിഎയിലെടുക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരേ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും അന്വേഷണം പൂര്‍ത്തിയാവട്ടെ എന്നും ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു. മാണി അഴിമതിക്കാരനാണെന്നതു ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തിന്റെ രാജിക്കായി പ്രക്ഷോഭം നടത്തിയതെന്നും കേസ് നടത്തുന്നതെന്നും പിന്നീട് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ അന്നത്തെ നിലപാടു തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴുമുള്ളത്. കഴിഞ്ഞ അഞ്ചുകൊല്ലത്തെ മാണിയുടെയും കേരളാ കോണ്‍ഗ്രസ്സിന്റെയും നിലപാടുകളില്‍ പലതിലും വിയോജിപ്പുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലപാടു വ്യക്തമാക്കിയശേഷം മാത്രമാവും മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനിക്കുക.
തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ച് അതിനുശേഷം പ്രതികരിക്കാമെന്നും കുമ്മനം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും കുമ്മനം തള്ളി. സംസ്ഥാന ഘടകത്തോട് ചര്‍ച്ചചെയ്യാതെ കേന്ദ്രം അത്തരമൊരു നീക്കം നടത്തില്ല. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരെങ്കിലും സംസാരിച്ചതായി അറിവില്ല എന്നായിരുന്നു മറുപടി. കേരളാ കോണ്‍ഗ്രസ്സിന്റെ ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനത്തെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ തന്നെ കൗതുകത്തോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക