|    Dec 12 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാര്‍ കോഴക്കേസില്‍ വിഎസിന്റെയും കെ എം മാണിയുടെയും ഹരജി; ഹൈക്കോടതി വിജിലന്‍സിന്റെ വിശദീകരണം തേടി

Published : 16th November 2018 | Posted By: kasim kzm

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരേ വി എസ് അച്യുതാനന്ദനും തുടരന്വേഷണം വേണമെന്ന ഉത്തരവിന് എതിരേ കെ എം മാണിയും സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ വിശദീകരണം തേടി. രണ്ടാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്.
പ്രോസിക്യൂഷന്‍ അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് ഇന്നലെ ഹരജികള്‍ പരിഗണിക്കെ കോടതി വിജിലന്‍സിനോട് ചോദിച്ചു. ഇടതുമുന്നണി കണ്‍വീനറുമായി ബന്ധപ്പെട്ട് അങ്ങനെയൊരു അപേക്ഷയുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ രണ്ടാഴ്ച സമയം കൂടി വിജിലന്‍സ് ചോദിച്ചു. ഇതു കോടതി അനുവദിച്ചു.
ബാര്‍കോഴ ആരോപണത്തില്‍ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മാണിക്കെതിരായ തുടരന്വേഷണത്തിനും മുന്‍കൂര്‍ അനുമതി തേടണമെന്ന് സപ്തംബര്‍ 18ലെ ഉത്തരവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് അച്യുതാനന്ദന്‍ ഹരജി നല്‍കിയിരിക്കുന്നത്. 2014 ഡിസംബര്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ജൂലൈ 26ന് അഴിമതി നിരോധന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടികള്‍ വേണ്ടതില്ലെന്നാണ് അച്യുതാനന്ദന്റെ വാദം. ധനമന്ത്രിയായിരിക്കെ കെ എം മാണി ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
തനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാനുള്ള റിപോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവും എഫ്‌ഐആറും റദ്ദാക്കണമെന്നുമാണ് മാണി ആവശ്യപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss