|    Feb 18 Sun, 2018 4:12 pm
FLASH NEWS
Home   >  Kerala   >  

ബാര്‍ കോഴ:കാരണമുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

Published : 14th January 2017 | Posted By: mi.ptk

kerala-high-courtNEW

കൊച്ചി: മുന്‍മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ കാരണമുണ്ടെങ്കില്‍ അതു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ശ്രദ്ധയില്‍പെടാതെ പോയ എന്തെങ്കിലും വിഷയം പുതുതായി കണ്ടെത്തിയിട്ടുണ്ടോയെന്നും തുടരന്വേഷണം അനുവദിക്കാന്‍ അടിസ്ഥാനമായ കാര്യങ്ങളോ വിഷയങ്ങളോ ഉണ്ടോയെന്നും രണ്ടാഴ്ചയ്ക്കകം അറിയിക്കാനാണ് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയത്.  ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി സമര്‍പ്പിച്ച ഹരജിയാണ് നടപടി. അതേ സമയം  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മാണിയുടെ ഹരജിയില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് അഡ്വ. നോബിള്‍ മാത്യു ഹരജിനല്‍കിയതിനെ കോടതി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്‍ മുഖ്യ സാക്ഷികളെ ചോദ്യംചെയ്തിരുന്നില്ലെന്നും കേസില്‍ തുടരന്വേഷണം വേണമെന്നുമായിരുന്നു മാത്യുവിന്റെ ആവശ്യം. കേസില്‍ കക്ഷിചേരാന്‍ കേസുമായി ബന്ധമില്ലാത്ത ഹരജിക്കാരനുള്ള താല്‍പര്യം വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളിലും അന്വേഷണത്തിലും ഇടപെടാന്‍ എല്ലാ പൗരന്‍മാരെയും അനുവദിക്കാം എന്ന അവസ്ഥയുണ്ടായാല്‍ നീതിനിര്‍വഹണം ഫലപ്രദമാവില്ല. കേസുകളില്‍ അനിവാര്യഘട്ടത്തിലല്ലാതെ കോടതിയുടെ മേല്‍നോട്ടമോ ഇടപെടലോ സാധ്യമല്ല. ഹരജിക്കാരന്റെ ആവശ്യത്തിന്റെ അടിസ്ഥാനം വ്യക്തമല്ലാത്തതിനാല്‍ ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യമുള്ള സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട്  ആവശ്യപ്പെട്ടത്. നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാന്‍ കാര്യമായ തെളിവുകളൊന്നുമില്ലെന്നുകണ്ട് രണ്ടുതവണ അവസാനിപ്പിച്ച കേസിലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. അതിനാല്‍, ആവശ്യത്തില്‍ കഴമ്പുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss