|    Jan 22 Sun, 2017 1:12 am
FLASH NEWS

ബാര്‍ അസോസിയേഷന്‍ പ്രമേയം; കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമം: പത്രപ്രവര്‍ത്തക യൂനിയന്‍

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: ജില്ലാ കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും പോലിസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത ടൗണ്‍ എസ്‌ഐ പി എം വിമോദിനെ ന്യായീകരിച്ച് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയം വസ്തുതകള്‍ക്കു നിരക്കാത്തതും കേസ് അട്ടിമറിക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂറും സെക്രട്ടറി എന്‍ രാജേഷും പറഞ്ഞു.
ശനിയാഴ്ച കോടതിവളപ്പിലുണ്ടായ സംഭവത്തില്‍ പോലിസിനു വീഴ്ച്ചയുണ്ടായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എഡിജിപി സുദേഷ് കുമാറിന്റെയും ഇന്റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖയുടെയും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. പോലിസ് മേധാവി തന്നെ വീഴ്ച്ച പറ്റിയതായി സമ്മതിക്കുമ്പോള്‍ എസ്‌ഐയെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്റെ നിലപാട് ദുരൂഹമാണ്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയപ്പോള്‍ കോഴിക്കോട്ട് സൗഹൃദം നിലനിര്‍ത്തിയാണ് മുന്നോട്ടുപോയത്. ഈ ബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് ബാര്‍ അസോസിയേഷന്റെ നിലപാട്. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കെ വസ്തുതകള്‍ വളച്ചൊടിക്കുന്ന അഭിഭാഷക സംഘടനയുടെ നിലപാട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. മാധ്യമപ്രവര്‍ത്തകരെ പോലിസ് തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ തടയുമായിരുന്നു എന്ന അസോസിയേഷന്റെ പ്രമേയം തികഞ്ഞ ധാര്‍ഷ്ട്യമാണ്.
വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാനുള്ള ദൗത്യവുമായാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ എത്തിയത്. തികച്ചും സമാധാനപരമായി ജോലിയില്‍ ഏര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ പ്രകോപനമുണ്ടാക്കി എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റയുമായുള്ള ചര്‍ച്ചയില്‍ എസ്‌ഐ വിമോദിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി വ്യക്തമാക്കിയിട്ടും ആ ഉത്തരവുപോലും തള്ളിക്കളഞ്ഞാണ് എസ്‌ഐ മാധ്യമപ്രവര്‍ത്തകരെ പോലിസ് സ്റ്റേഷനില്‍ പൂട്ടിയിട്ടത്. ഇത്രയേറെ അതിക്രമം എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്റെ നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക