|    Oct 24 Tue, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാര്‍കോഴ വിവാദം: കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് (എം) പത്രം

Published : 8th July 2016 | Posted By: SMR

കോട്ടയം: കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനം ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിച്ഛായ. കപട സൗഹാര്‍ദത്തിന്റെ മുഖംമൂടിയണിഞ്ഞ് ബാര്‍കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് സീസറിന്റെ നെഞ്ചില്‍ കഠാര ഇറക്കിയ ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കണ്ടാല്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്നു സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും പ്രതിച്ഛായയുടെ മുഖമൊഴിയില്‍ പറയുന്നു.
വിവാദ മദ്യ വ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ സംസ്ഥാനത്തെ സമുന്നതരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതു കാണുമ്പോള്‍ രാഷ്ട്രീയ മാനം മര്യാദ, ധാര്‍മികത, സത്യസന്ധത എന്നിവയ്ക്ക് രാഷ്ട്രീയ നേതാക്കള്‍ വലിയ വില കല്‍പിച്ചിട്ടില്ലെന്ന് തോന്നുന്നു. അടൂര്‍ പ്രകാശിന്റെ ക്ഷണം സ്വീകരിച്ചാണ് പോയതെന്ന് അവര്‍ക്ക് ന്യായീകരിക്കാം. പ്രകാശിന്റെ വീട്ടില്‍വച്ചായിരുന്നു വിവാഹനിശ്ചയമെങ്കില്‍ ഇതിന് യുക്തി ഉണ്ടാവുമായിരുന്നു.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാനും യുഡിഎഫിനെ ഇല്ലാതാക്കാനും ലക്ഷ്യംവച്ച് തയ്യാറാക്കിയ ബാര്‍ കോഴ ആരോപണത്തിന്റെ പ്രഭവകേന്ദ്രം ഈ മദ്യവ്യവസായി ബിജു രമേശായിരുന്നു. അയാള്‍ ഒറ്റക്കായിരുന്നില്ല. അയാള്‍ക്ക് ശക്തി പകര്‍ന്ന് ഒരു ഉപജാപകസംഘം അരങ്ങിനു പിന്നിലുണ്ടായിരുന്നു. അവരുടെ ആദ്യലക്ഷ്യം കേരള കോണ്‍ഗ്രസ് ചെയര്‍മാനായ കെ എം മാണിയായിരുന്നു. കെ എം മാണി കുറ്റക്കാരനല്ലെന്ന് പൊതുജനമധ്യത്തില്‍ ആവര്‍ത്തിച്ചുപറഞ്ഞവര്‍തന്നെ അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നെ, കേസില്‍ കുരുക്കി മന്ത്രിസ്ഥാനം രാജിവയ്പിക്കുകയും ചെയ്തു. കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പത്തുകോടി വാങ്ങിയെന്ന് കെ ബാബുവിനെതിരെയും ആരോപണം ഉയര്‍ന്നു. എന്നാല്‍, പത്തുകോടിയല്ല ഒരുകോടിയാണ് മുന്തിയ ആരോപണം എന്ന മട്ടിലായിരുന്നു കോലാഹലങ്ങളെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
എന്നാല്‍, ഇത് കേരളാ കോണ്‍ഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും പ്രതിച്ഛായ സ്വതന്ത്ര പ്രസിദ്ധീകരണമാണന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക