|    Oct 21 Sun, 2018 11:11 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ബാരി ബറാക് ബ്യൂറോ ചീഫ്; വിംസി ന്യൂസ് എഡിറ്റര്‍

Published : 9th January 2017 | Posted By: fsq

vettum-thiruthum-new
ന്യൂയോര്‍ക്ക് ടൈംസ് ബ്യൂറോ ചീഫായിരുന്ന ബാരി ബറാക് 2012 ഫെബ്രുവരിയിലെഴുതിയ ‘ദ ലിവിങ് നൈറ്റ്‌മെയര്‍’ എന്ന ഫീച്ചറിന്റെ മൊഴിമാറ്റം പത്രപ്രവര്‍ത്തനം അഭ്യസിക്കുന്നവര്‍ക്കായി മലയാളത്തില്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. നവീന പത്രപ്രവര്‍ത്തനത്തിന്റെ ചില സാധ്യതകള്‍ വിലയിരുത്തുന്നതിന് ടി പുസ്തകത്തില്‍ ഫീച്ചര്‍ പൂര്‍ണമായി കേരള പ്രസ് അക്കാദമി അച്ചടിച്ചു. “’വാര്‍ത്ത കഥ വ്യവഹാരം’ ആണ് ഗ്രന്ഥം. ആന്റണി സി ഡേവിഡ് ഗ്രന്ഥകാരന്‍. ബാരി ബറാക്കിലും പ്രസ് അക്കാദമിയുടെ പുസ്തകത്തിലും തുടങ്ങാന്‍ കാരണമുണ്ട്. ഇന്ന് വിംസിയുടെ ഏഴാം ചരമദിനമാണ്. വെറുമൊരു കളിയെഴുത്തുകാരന്‍ എന്ന മോശം തലക്കെട്ടില്‍ ചിലര്‍ വിംസിയെ വിശേഷിപ്പിക്കാറുണ്ട്. വാര്‍ത്ത ഘ്രാണിച്ചുപിടിക്കുന്നതില്‍, തനിക്കു കീഴില്‍ നിയുക്തരായ പ്രാദേശിക ലേഖകരെക്കൊണ്ടുപോലും സംഭവത്തെ പിന്തുടരാനും സോഴ്‌സുകളിലൂടെ വിവരം ഉറപ്പാക്കി അതെഴുതാനും ലേ ഔട്ടിലുള്ളവരെക്കൊണ്ട് ഏതു പേജില്‍, കോളത്തില്‍ എങ്ങനെ അതു സ്ഥാപിക്കണമെന്നും കൈക്കണക്ക് തെറ്റാത്ത വിംസി, 2010 ജനുവരി 9ന് അത്യന്തം അവശനായി രോഗപീഡകളാല്‍ അന്തരിക്കുമ്പോള്‍ ബാക്കിപത്രമായി മലയാള ജേണലിസത്തിന് മിടുക്കന്‍മാരായ ഒട്ടേറെ നല്ല പത്ര എഴുത്തുകാരെ സമ്മാനിച്ചു.   മേല്‍സൂചിപ്പിച്ച നൈറ്റ്‌മെയര്‍ ഫീച്ചറിന്റെ ഓരോ അണുവും സസൂക്ഷ്മം പഠിച്ചാല്‍ വിംസിയുടെ എഴുത്തിന്റെ, വാര്‍ത്ത അവതരിപ്പിക്കുന്നതിലുള്ള കൈക്കണക്കിന്റെ ചൂരും ചൂടും അറിയാം. ജീവിച്ചിരിക്കുന്നവരില്‍ മനോരമയുടെ തോമസ് ജേക്കബും എസ് ജയചന്ദ്രന്‍ നായരും വിംസിക്ക് ഒട്ടും പിന്നിലല്ല. ആ ‘സ്റ്റൈല്‍’ ഇന്ന് അപ്രാപ്യമാണ്. കംപ്യൂട്ടര്‍ മൗസില്‍ വിരലൂന്നി കീബോര്‍ഡിലൂടെ പുതിയ കുട്ടികള്‍ വാര്‍ത്ത രൂപപ്പെടുത്തുമ്പോള്‍ നഷ്ടമാവുന്ന ജൈവികത ഇനിയുള്ള കാലം ചെലവാകില്ലെന്നത്് ഇപ്പോഴവര്‍ക്ക് മനസ്സിലാവില്ല.  ഇനി സംഭവിച്ചേക്കാന്‍ സാധ്യത ഏറെയുള്ള ‘തൂലികാസ്‌റ്റോറി’കളുടെ സുവര്‍ണകാലത്ത് കംപ്യൂട്ടര്‍ കീബോര്‍ഡുകള്‍ വെറും ടൈപ്പിങ് കേന്ദ്രങ്ങള്‍ മാത്രമായി മാറും. മര്‍ഡോക്കിന്റെ മുഖത്ത്് സോപ്പുപത തെറിച്ച ബിബിസി കാഴ്ച ഓര്‍ക്കുക. വാര്‍ത്ത കണ്ടെത്താന്‍ ഇറങ്ങി പതുങ്ങി പമ്മി നടന്നേ ഇനി മതിയാവൂ. പി സായ്‌നാഥ് സ്‌കൂളിന്റെ യുഗമാണിനി. ഈസി ചെയര്‍ ജേണലിസം പ്രിന്റ് മീഡിയയില്‍ ഇനി കുറച്ചുനാള്‍കൂടി മാത്രം. വിംസി കര്‍ക്കശക്കാരനായിരുന്നു. ‘കിട്ടിയില്ല, ആള്‍ സ്ഥലത്തുണ്ടായിരുന്നില്ല, പോലിസ് കാണാനനുവദിച്ചില്ല, ടിഎ കിട്ടിയില്ല, അമ്മയ്ക്കു സുഖമില്ല’ എന്നൊന്നും ലേഖകന്‍ വിംസിയോടു പറയരുത്. കടമ്പകളൊക്കെ കടന്ന് പടച്ചുണ്ടാക്കിയ സാധനം ന്യൂസ് എഡിറ്ററുടെ മേശമേലെത്തിയാലോ, ചേറിക്കൊഴിച്ച് ക്ലീനായിരിക്കണം. പുതുജനറേഷന്‍ ജേണലിസ്റ്റുകളുടെ ‘ആടംബരബ്രമ’വും ‘ശന്ദര്‍ശകവിസ’യുമൊക്കെ വിംസി ചീത്തവിളിച്ച് ചെവിക്കല്ലുതകര്‍ക്കുക മാത്രമല്ല പിറ്റേ ആഴ്ച മെമ്മോയും തേടിവരും. എല്ലാം നല്ല ലൈനിലാണെങ്കിലോ, വാല്‍സല്യപൂമഴ കൊഴിയും. വേദനയോടെ സ്മരിക്കട്ടെ, ബ്യൂറോകളും യൂനിയന്‍ വക ടൂറും കൈകൊട്ടിക്കളിയും പ്രസ്‌ക്ലബ് കോലാഹലങ്ങളുമൊക്കെ വരും മുമ്പ് 80കളില്‍ വിംസിയുടെ വാല്‍സല്യങ്ങള്‍ ഏറെ അനുഭവിച്ചവരുണ്ട്്. മൈസൂരുവിലെ കോലാറില്‍ നിന്ന് ‘പുരുഷന്‍ ഗര്‍ഭം ധരിച്ചു’ എന്ന എന്റെ സിംഗിള്‍ കോളം എക്‌സ്‌ക്ലൂസീവ് കറുത്ത കട്ടി ബോര്‍ഡറില്‍ മാതൃഭൂമി ഒന്നാം പേജില്‍. പുലര്‍ച്ചെ വിംസിയുടെ വിളി: ”ഉടന്‍ കോലാറിലേക്ക് വിട്ടോ.” മൂന്നുനാള്‍ ആരോരുമറിയാതെ ഞാന്‍ കോലാറില്‍ അരപ്പട്ടിണിയോടെ തങ്ങി. ഗര്‍ഭം ധരിച്ച പുരുഷനെ കണ്ടു. പടം സഹിതം ‘മാതൃഭൂമി’ ആ സിസേറിയന്‍ വാര്‍ത്ത ഒന്നാംപേജില്‍ നല്‍കി. മനോരമയില്‍ നിന്ന് ബാലകൃഷ്ണന്‍ മാങ്ങാടിന് വഴക്കുകിട്ടിയതായി പിന്നീടറിഞ്ഞു. പെണ്‍കുട്ടിയായിരുന്നു വാര്‍ത്തയിലെ 20കാരന്‍. ജനനേന്ദ്രിയത്തിലെ നേരിയൊരു പ്രശ്‌നം മൂലം ജനനം തൊട്ടേ അവന്‍ സുന്ദരിപെണ്ണായി ധരിക്കപ്പെട്ടു. ഹോട്ടല്‍ ജോലിക്കാരനായിരുന്നു പ്രായപൂര്‍ത്തിനാളുകളില്‍. ഹോട്ടല്‍ മുതലാളി വക സൗജന്യ ഉപഹാരമായിരുന്നു മാംസക്കഷണം മാത്രമായ ഗര്‍ഭം. തമാശ വേണ്ടത്രയുള്ള സ്‌റ്റോറി. വായിച്ചവരൊക്കെ ചിരിച്ചു. ‘പ്രായപൂര്‍ത്തിയാവാത്തവരുമായി കുറ്റകരമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട’ കുറ്റത്തിന്, ഹസാന-ക്വാനിറ്റമാരുടെ അച്ഛന്‍ ജയിലില്‍ പോവേണ്ടതില്ല എന്ന ആ മക്കളുടെ തീരുമാനം ബാരി ബറാക് അവതരിപ്പിച്ചത്, ആ ഫീച്ചര്‍ മൊത്തത്തില്‍ അകംനിറച്ച് വായിച്ചാല്‍ വിംസിയുടെ ചില ശൈലികള്‍ കോമകള്‍, ഹൈഫന്‍സ് മൊത്തം ഫീച്ചറില്‍ ഒളിച്ചിരിക്കുന്നത് നാം അനുഭവിക്കും. ഗുരുക്കന്‍മാരേ, നന്ദി…                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss