|    Mar 30 Thu, 2017 8:10 pm
FLASH NEWS

ബാരാപോളില്‍ വിനോദസഞ്ചാര പദ്ധതികള്‍ക്കായി ആവശ്യമുയരുന്നു

Published : 26th September 2016 | Posted By: SMR

ഇരിട്ടി: ബാരാപോള്‍ മിനിജല വൈദ്യുതി പദ്ധതിപ്രദേശം ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി വേണമെന്ന ആവശ്യം ശക്തമാവുന്നു. ഭൂമിശാസ്ത്രപരമായി ടൂറിസത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നതാണ് ബാരാപോള്‍ ഉള്‍ക്കൊള്ളുന്ന കച്ചേരിക്കടവ്-പാലത്തിന്‍കടവ് ഗ്രാമങ്ങള്‍.
ബാരാപുഴയുടെ ഒരു ഭാഗം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി വനമേഖലയും കുടക് മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ചെത്തുന്ന പുഴയും ഇപ്പോള്‍ തന്നെ മനോഹര കാഴ്ചയൊരുക്കുന്നതാണ്. മിനിജല വൈദ്യുതി പദ്ധതി വരും മുമ്പ് തന്നെ പ്രദേശത്ത് ഇക്കോടൂറിസം പദ്ധതി നടപ്പാക്കണെമന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ബാരാപോള്‍ മിനിജല വൈദ്യുതി പദ്ധതി പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനെത്തിയ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് പഠിക്കുന്ന സി ദിവാകരന്‍ ചെയര്‍മാനായിട്ടുള്ള നിയമസഭാ സമിതി പ്രദേശത്തെ അനന്തവികസന സാധ്യതകള്‍ അംഗീകരിക്കുകയും അനുകുല നടപടി ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥലം എംഎല്‍എ കൂടിയായ സമിതി അംഗം സണ്ണിജോസഫ് എംഎല്‍എ ബാരാപോള്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ മേഖലയുടെ ഭൂമിശാസ്ത്രഘടനയും കര്‍ണാടകയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രത്യേകതളും നേരില്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ടി എ റഹീം, രാജു എബ്രഹാം, പി ഉണ്ണി, ടി എ അഹമ്മദ് കബീര്‍ എന്നിവരാണ് പ്രദേശം സന്ദര്‍ശിച്ചത്. തടയണയോ ഡാമോ നിര്‍മിക്കാതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതിയാണ് ബാരാപോള്‍. അഞ്ച് മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദന ലക്ഷ്യമെങ്കിലും ഒരു ജനറേറ്റര്‍ കേടായതിനാല്‍ 10 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിച്ച് വൈദ്യുതി വകുപ്പിന് കൈമാറുന്നത്. ജലവൈദ്യുതി പദ്ധതിക്കായി നിര്‍മിച്ച കനാലിന്റെ മുകളിലും അനുബന്ധ സ്ഥലങ്ങളിലുമായി സോളാര്‍ പാനല്‍ നിര്‍മിച്ച് നാല് മെഗാവാട്ട് സൗരോര്‍ജ പദ്ധതിയും പൂര്‍ത്തീകരണഘട്ടത്തിലാണ്.
മിനി വൈദ്യുതി പദ്ധതി ആരംഭിച്ചതോടെ പ്രവര്‍ത്തനം കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇനി സൗരോര്‍ജ വൈദ്യുതി പദ്ധതി കൂടി പൂര്‍ത്തിയാവുമ്പോള്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. കാവേരി മാതൃകയിലുള്ള ജലവിനോദങ്ങളും മലമ്പുഴ മാതൃകയില്‍ ഹൈഡല്‍ ടൂറിസവുമൊക്കെയായി വിപുല പദ്ധതിക്ക് നേരത്തേ ഇവിടെ ഡിടിപിസി നീക്കം നടത്തിയിരുന്നു. മിനി ജല വൈദ്യുതിക്കൊപ്പം ടൂറിസം പദ്ധതിയും നടപ്പാക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നാല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമായി ബാരാപോള്‍ മാറും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day