|    May 29 Mon, 2017 6:07 am
FLASH NEWS

ബാരാപോളിലെ ജനറേറ്റര്‍ നന്നാക്കിയില്ല; കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം

Published : 7th September 2016 | Posted By: SMR

ഇരിട്ടി: മഴ തീരാറായിട്ടും ബാരാപോളില്‍ തകരാറിലായ ജനറേറ്റര്‍ നന്നാക്കിയില്ല. ഇതുവഴി കെഎസ്ഇബിക്കുണ്ടാവുന്നത് ലക്ഷങ്ങളുടെ നഷ്ടം. കിര്‍ലോസ്‌കര്‍ കമ്പനിയുമായുള്ള കരാര്‍ കാലാവധി തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ഈടാക്കാതെ അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്. മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ ബാരാപോള്‍ മിനിജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണുള്ളത്. ഇതില്‍ ആദ്യത്തെ ജനറേറ്ററില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തകരാര്‍ സംഭവിച്ചതിനാല്‍ വൈദ്യുതി ഉല്‍പാദന ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പൂനെയില്‍ നിന്നു എന്‍ജിനീയര്‍മാരുടെ സംഘമെത്തി മാസങ്ങളായെങ്കിലും ജനറേറ്ററിന്റെ തകരാര്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ രണ്ട് ജനറേറ്റരില്‍ നിന്നു മാത്രമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. രണ്ട് ജനറേറ്ററില്‍ നിന്നുമായി ഇതുവരെ 9535720 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഈ വൈദ്യുതി കൊണ്ട് ഇരിട്ടി, മട്ടന്നൂര്‍ സബ് സ്‌റ്റേഷനു കീഴിലെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം പൂര്‍ണമായും പരിഹരിക്കുന്നുണ്ട്. ഇരിട്ടി സബ്‌സ്‌റ്റേഷനില്‍ പകല്‍ സമയത്ത് 5 മെഗാവാട്ട് വൈദ്യുതിയും മട്ടന്നൂര്‍ സബ്‌സ്‌റ്റേഷനില്‍ 4 മെഗാവാട്ട് വൈദ്യുതിയുമാണ് വേണ്ടത്. ഇപ്പോള്‍ ബാരാപോളില്‍ നിന്നു 9.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ 7 മുതല്‍ 8.30 വരെ ഇരു സബ്‌സ്‌റ്റേഷനുമായി 15 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. മൂന്ന് ജനറേറ്ററില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാഞ്ഞിരോട് സബ്‌സ്‌റ്റേഷനിലേക്കും വൈദ്യുതി കൊടുക്കാനാവും. ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ദിനേന സംഭവിക്കുന്നത്.
ജൂണ്‍ 30നുള്ളില്‍ മൂന്ന് ജനറേറ്ററില്‍ നിന്നും പൂര്‍ണ തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് നല്‍കാനാവശ്യമായ രീതിയിലാണ് കിര്‍ലോസ്‌കര്‍ കമ്പനിയുമായി കെഎസ്ഇബി കരാറാക്കിയിരുന്നത്.
എന്നാല്‍ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കരാര്‍ പുതുക്കി നല്‍കാനോ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ആഗസ്ത് 15 നുള്ളില്‍ ജനറേറ്റര്‍ അറ്റകുറ്റപ്പണി നടത്താന്‍ അന്ത്യശാസനം നല്‍കിയുരുന്നെങ്കിലും ആഗസ്ത് 30 വരെ കമ്പനി വീണ്ടും സമയം ചോദിക്കുകയായിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും ജനറേറ്ററില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കമ്പനിക്കായില്ല. ഇപ്പോള്‍ അധികൃതര്‍ എന്ത് നടപടിയെടുക്കണമെന്നറിയാതെ കുഴയുകയാണ്. കിര്‍ലോസ്‌കര്‍ കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കന്‍ നടപടിയെടുക്കാത്തതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആരോപണമുണ്ട്.
പൂര്‍ണമായും മഴയെ ആശ്രയിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ നിന്നു ജൂണ്‍ 30 മുതല്‍ ഡിസംബര്‍ 30 വരെ 6 മാസമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുക. 130 കോടി മുടക്കിയ പദ്ധതി ഇനി മൂന്ന് മാസം മാത്രം ബാക്കിയിരിക്കേ കോടികള്‍ പാഴാവാന്‍ വേണ്ടിയുള്ള പദ്ധതിയാകുമോ എന്ന ആശങ്കയിലാണ് മലയോര ജനത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day