|    Jul 23 Sun, 2017 12:35 pm
FLASH NEWS
Home   >  Kerala   >  

ബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് തമിഴ്‌നാട്ടിലും അന്വേഷണം

Published : 11th September 2016 | Posted By: G.A.G

കൊച്ചി: കെ ബാബുവിന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം തമിഴ്‌നാട്ടിലേക്കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നതിന്റെ പേരില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ബിനാമികളെന്നു പറയുന്നവരുടെയും വീടുകളില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍  തമിഴ്നാട്ടില്‍ ഇവര്‍ക്കുള്ള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് തമിഴ്‌നാട് രജിസ്ട്രാര്‍ക്ക്്് കത്തു നല്‍കി. തേനിയിലെ ആണ്ടിപെട്ടിയിലെ 120 ഏക്കര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആണ്ടിപെട്ടി കടമലക്കുണ്ടിലെ രജിസ്ട്രാര്‍ക്ക് വിജിലന്‍സ് കത്തു നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ബാബുവിന്റെയും ബന്ധുക്കുളുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിജിലന്‍സ് സംഘം സംസ്ഥാന രജിസ്ട്രാര്‍ക്കും, ജില്ലാ രജിസ്ട്രാര്‍ക്കും കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴനാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
മന്ത്രിയായിരിക്കെയും അല്ലാതെയും ബാബു നടത്തിയ വിദേശ യാത്രാവിവരങ്ങളും വിജിലന്‍സ്  ശേഖരിച്ചു വരികയാണ്. കുടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സംഘം വിദേശത്തേയക്ക് പോകുമെന്നും സൂചനയുണ്ട്.
ഇതോടൊപ്പം കെ ബാബുവിന്റെ ബന്ധുക്കളുടെയും ബിനാമികെളെന്നു പറയുന്നവരുടെയും വീടുകളില്‍ നടത്തിയ റെയിഡില്‍ കണ്ടെത്തിയ  രേഖകളുടെ പരിശോധനയും വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് ഡിവൈഎസ്പിമാരെയും മൂന്നു സി ഐ മാരെയും  ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപൂലീകരിച്ചു. ഒരോ സ്ഥലത്തും റെയ്ഡ് നടത്തിയ സംഘങ്ങളോടു തന്നെ അവര്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കെ ബാബു ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ച 1991 മുതല്‍ നാമനിര്‍ദേശ പത്രികയക്കൊപ്പം  തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്വത്തു വിവരങ്ങള്‍ സാക്ഷ്യപെടുത്തി നല്‍കാന്‍  ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസറോടും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.എന്നാല്‍ തനിക്കെതിരെ വിജിലന്‍സ് നല്‍കിയിരിക്കുന്ന എഫ് ഐ ആറില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമാണെ്ന്നാണ് കെ ബാബുവിന്റ നിലപാട്. തമിഴ്‌നാട്ടില്‍ തനിക്ക് ഭൂമിയില്ലെന്നാണ് കെ ബാബു പറഞ്ഞത്.
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതുമായി ബന്ധപ്പെട്ട്്  കെ ബാബുവിനും അദ്ദേഹത്തിന്റെ ബിനാമികളെന്നു പറയുന്ന ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരെ കേസെടുത്തതിനു ശേഷം ഈ മാസം മൂന്നിനാണ് ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് പറയുന്നവരുടെയും  വീടുകളിലും ഓഫീസുകളുമടക്കം വിവിധ കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയിഡ് നടത്തിയത്. റെയിഡില്‍ നിരവധി രേഖകളും സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ബാബുവിന്റെയും ഭാര്യയുടെയും  മക്കളുടെയും ബാങ്കുലോക്കറുകളും വിജിലന്‍സ് തുറന്നു പരിശോധിച്ചിരുന്നു. മക്കളുടെ വിവിധ ബാങ്കു ലോക്കറുകളില്‍ നിന്നും ഏകദേശം മൂന്നുറു പവനടുത്ത് സ്വര്‍ണം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക