|    Aug 20 Sun, 2017 4:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാബുവിന്റെ വീട്ടിലെ റെയ്ഡിനെക്കുറിച്ച് അറിയില്ല: മുഖ്യമന്ത്രി

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡ് നടന്ന കാര്യം മാധ്യമങ്ങള്‍ വഴിയാണ് താന്‍ അറിഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലന്‍സ് കേസിന്റെ ഭാഗമായി നടന്നതാവാം റെയ്ഡ്. ആവശ്യമായ സമയത്ത് റെയ്ഡ് നടത്താന്‍ വിജിലന്‍സിന് മുഖ്യമന്ത്രിയുടെ അനുവാദം ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞു. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ മുഖ്യമന്ത്രിയുടം അംഗീകാരം വേണ്ട. നിയമത്തിന്റെ നടപടി ക്രമം അനുസരിച്ച് റെയ്ഡിന്റെ ഘട്ടം എത്തിയതിനാലാവാം റെയ്ഡ് നടത്തിയത്.
ആരെയും ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യുക എന്നത് തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുന്‍ മന്ത്രി കെ എം മാണിക്കെതിരായ കേസ് പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ താല്‍പര്യമെടുത്ത് വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മാണിക്കെതിരേ വിജിലന്‍സ് കേസ് എടുത്തതെന്ന് താന്‍ കരുതുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ മാണി ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം തീരുമാനിക്കേണ്ട ഘട്ടത്തില്‍ തീരുമാനിക്കുമെ ന്നും വിവാദങ്ങള്‍ സര്‍ക്കാരിന്റെ യശസ്സിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാഷ്ട്രീയ സംഘര്‍ഷം കൂടിയിട്ടില്ലെന്നും അത് കണക്ക് നോക്കിയാല്‍ വ്യക്തമാവുമെന്നും എന്നാല്‍, ആ കണക്ക് താന്‍ നോക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓരോന്നും ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ചിലര്‍ക്ക് എല്ലാം ശരിയായാലും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക