|    Sep 27 Wed, 2017 1:36 am

ബാബുവിന്റെ കുടുംബത്തിന് അവഗണന; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Published : 21st November 2016 | Posted By: SMR

മാനന്തവാടി: മനുഷ്യസ്‌നേഹിയായ യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം അവഗണിച്ച നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ മുങ്ങിത്താഴ്ന്നവരെ രക്ഷിക്കുന്നതിനിടെ മരിച്ച പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ ബാബുവിന്റെ കുടുംബത്തെ അവഗണിച്ചതിനെതിരേയാണ് നടപടി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയത്. 2015 ഡിസംബര്‍ 23നായിരുന്നു പന്തിപ്പൊയില്‍ ബപ്പനം അംബേദ്കര്‍ കോളനിയിലെ ആദിവാസി യുവാവ് ബാബു ഡാം റിസര്‍വോയറില്‍ മുങ്ങിമരിച്ചത്. വെള്ളത്തില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബാബുവിന്റെ മരണം. ഇതേത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഒരുവര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുടുംബത്തിലൊരാള്‍ക്ക് ജോലിയെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് വിഷയം ചര്‍ച്ചയായത്. ബാബുവിന്റെ കുടുംബാംഗത്തിന് എന്തുകൊണ്ട് ജോലി നല്‍കിയില്ലെന്ന വിശദീകരണമാണ് കമ്മീഷന്‍ ചോദിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കണം. അടുത്തമാസം ജില്ലയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസാണ് വിശദീകരണം തേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക