|    May 28 Sun, 2017 2:24 pm
FLASH NEWS

ബാബുവിനെ പിന്തുണയ്ക്കാതെ സുധീരന്‍; രാഷ്ട്രീയ പിന്തുണ വേണമെന്നു മറുവിഭാഗം

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത അഭിപ്രായഭിന്നത യുഡിഎഫ് യോഗത്തിലും പ്രകടമായി. വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ബാബുവിന് പിന്തുണ നല്‍കാത്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നടപടിയാണ് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായത്.
വിജിലന്‍സ് നീക്കം പ്രതികാരനടപടിയാണെന്ന് ഇരു ഗ്രൂപ്പുകളും യോഗത്തില്‍ നിലപാടെടുത്തെങ്കിലും സുധീരന്‍ മൗനം പാലിച്ചു. ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്നു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ബാബുവിനെതിരേ നടക്കുന്നത് രാഷ്ട്രീയമായ പ്രതികാരനടപടിയാണ്. ഇതുപോലെ യുഡിഎഫിലെ എല്ലാ നേതാക്കള്‍ക്കും നടപടികള്‍ നേരിടേണ്ടതായി വന്നേക്കാം. അതിനാല്‍, ഇപ്പോഴത്തെ നീക്കത്തെ പ്രതിരോധിക്കണമെന്നാണു ഘടകകക്ഷികള്‍ നിലപാടെടുത്തത്. എന്നാല്‍, ഇതിനു മറുപടി പറയുന്നതില്‍നിന്ന് സുധീരന്‍ ഒഴിഞ്ഞുമാറി. ബാബുവിനെതിരായ കേസില്‍ രാഷ്ട്രീയപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ 24നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം നിലപാട് വ്യക്തമാക്കാമെന്നാണു സുധീരന്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടനുസരിച്ച് നീങ്ങാമെന്ന് മുസ്‌ലിംലീഗ് അഭിപ്രായപ്പെട്ടു.
ബാബുവിനെതിരേ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. നേരായ ഏത് അന്വേഷണവും സ്വാഗതംചെയ്യും. എന്നാല്‍, പ്രതികാരനടപടികള്‍ അംഗീകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അഴിമതിക്കെതിരേ ജനവികാരം ശക്തമാണെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് സതീശന്റെ നിലപാട്.
വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബാബുവിനെതിരായ അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന പൊതുവികാരത്തില്‍ യുഡിഎഫ് യോഗം എത്തിച്ചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day