|    Jul 26 Wed, 2017 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാബുവിനെ ചോദ്യം ചെയ്തു; വിശദീകരണങ്ങളില്‍ പൊരുത്തക്കേട്

Published : 18th October 2016 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ കൊച്ചിയിലെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തു. ബാബു നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും.
ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകളില്‍ ചിലത് വച്ചുതാമസിപ്പിച്ചതും ചിലതില്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതും സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബാബുവിന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബിവറേജസ് കോര്‍പറേഷന്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയതില്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതും മദ്യനയം നടപ്പാക്കിയതിലെ ന്യൂനതകളുമടക്കം ത്വരിതാന്വേഷണത്തില്‍ ക്രമരഹിതമെന്ന് കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചാണ് വിജിലന്‍സ് ചോദിച്ചറിഞ്ഞത്. ബാബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷമായിരിക്കും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുകയെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാറുടമകള്‍ ലീഗല്‍ ഫണ്ടിലേക്ക് പിരിച്ച പണം എവിടെപ്പോയി എന്നതു സംബന്ധിച്ചു വിശദമായി അന്വേഷിക്കും. വിജിലന്‍സ് സംഘം അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കണക്കുകള്‍ ഹാജരാക്കിയെങ്കിലും അതില്‍ ലീഗല്‍ ഫണ്ടിലേക്ക് നടത്തിയ പണപ്പിരിവിന്റെ രേഖകളില്ല. ജില്ലാ കമ്മിറ്റികളോട് കണക്ക് ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരാക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബാര്‍ കോഴ ആരോപണത്തില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രണ്ടുവട്ടം ബാബുവിനെതിരേ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയെങ്കിലും തെളിവില്ലെന്നായിരുന്നു റിപോര്‍ട്ടുകള്‍.
അതേസമയം, ബാര്‍ പൂട്ടിയപ്പോള്‍ വരുമാനനഷ്ടമുണ്ടായ ബാറുടമകളാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിലെന്ന് ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിന്റെ ഗുണം പരാതിക്കാരനായ വി എം രാധാകൃഷ്ണനും കിട്ടിയിട്ടുണ്ട്. ബാര്‍ അനുവദിക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക