|    Jul 25 Tue, 2017 6:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാബുവിനെതിരെയുള്ള നടപടി: വിജിലന്‍സ് പിടിച്ചെടുത്തത് നൂറിലധികം രേഖകള്‍

Published : 5th September 2016 | Posted By: SMR

k-babu-02

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് പറയുന്നവരുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നൂറിലധികം രേഖകളെന്ന് വിവരം. കെ ബാബുവിന്റെ വീട്ടില്‍നിന്ന് 30ഓളം രേഖകളും ബാബുവിന്റെ ബിനാമിയായി കരുതുന്ന ബാബുറാമിന്റെ വീട്ടില്‍നിന്ന് 85ഓളം രേഖകളും പിടിച്ചെടുത്തതായാണ് അറിയുന്നത്.
രേഖകള്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ഇതില്‍ തുടരന്വേഷണത്തിന് ആവശ്യമുള്ളവ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും. രേഖകളുടെ പരിശോധനയും ചോദ്യംചെയ്യലും തുടര്‍ വിവര ശേഖരണവും ഇന്നുതന്നെ ആരംഭിക്കും. ബാബുവിന്റെ ബിനാമികളായി പറയുന്ന രണ്ട് പേരോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ ബാബുവിനെയും ബാബുറാം, മോഹനന്‍ എന്നിവരെ അടുത്ത ആഴ്ചയോടെ മാത്രമേ ചോദ്യചെയ്യുകയുള്ളു എന്നാണ് സൂചന.
അതിനു മുമ്പ് സാക്ഷികളാവാന്‍ സാധ്യതയുള്ളവരുടെ മൊഴികള്‍ ശേഖരിക്കും.  ബാബുവിന്റെയും മകളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലെ രണ്ട് ലോക്കറുകളുമാണ് വിജിലന്‍സ്  മരവിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ കൂടുതല്‍  അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കള്‍ക്കും ഉള്ളതായി വിജിലന്‍സ് വിലയിരുത്തുന്നു.  വിവിധ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളും വിശദമായി പരിശോധിക്കും. ബാബു ആദായനികുതി നല്‍കിയതിന്റെ വിവരങ്ങളും പരിശോധിക്കും.
അതേസമയം ബിനാമികളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും പരിപൂര്‍ണ അജ്ഞതയാണ്  മുന്‍മന്ത്രി റെയ്ഡിനിടെ വിജിലന്‍സ് മുമ്പാകെ പ്രകടിപ്പിച്ചത്. ബിനാമികളെന്ന് വിജിലന്‍സ് പറയുന്ന ബാബുറാമിനെയും മോഹനനെയും അറിയില്ലെന്നും ബാബു വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മോഹനന്‍ നടത്തുന്ന ബേക്കറി ശൃംഖല എവിടെയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥനോട് അദ്ദേഹം തിരിച്ചുചോദിക്കുകയാണ് ഉണ്ടായതത്രേ.
ബിനാമി ആരോപണം  ശക്തമായി നിഷേധിക്കുന്നതുകൊണ്ടുതന്നെ ബാബുവിനെ ചോദ്യംചെയ്യുന്നതിന് മുമ്പായി ബിനാമികളുമായി ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ വിജിലന്‍സിന് ശേഖരിക്കേണ്ടിവരും.
ഇതിനിടയില്‍  ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ല പ്രൊജക്റ്റിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയത്  ബാബുറാമാണെന്നാണ് വിജിലന്‍സിനു ലഭിച്ചിരിക്കുന്ന വിവരം. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന അടുപ്പം മാത്രമാണ് കെ ബാബുവുമായുള്ളതെന്നും ബാബുവിന്റെ പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ വിജിലന്‍സിനോട് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക