|    Jan 24 Tue, 2017 10:39 am
FLASH NEWS

ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സുധീരന്‍

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ ബാബുവിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബാബുവിനെതിരേ നടക്കുന്ന വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സുധീരന്‍.
ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരേ നേരത്തേ പരസ്യനിലപാടെടുത്ത സുധീരന്റെ പുതിയ നിലപാട് ശ്രദ്ധേയമാണ്. ബാബുവിന് പൂര്‍ണപിന്തുണ നല്‍കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. സുധീരനും യോജിച്ചതോടെ ഏകകണ്ഠമായാണ് സമിതി തീരുമാനത്തിലെത്തിയത്. പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഘടകകക്ഷികള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും അത് ഹൈക്കമാന്‍ഡ് വരെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാബുവിന് പിന്തുണ നല്‍കി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായത്.
ബാബുവിനെതിരേ അന്വേഷണ കോലാഹലം നടത്തിയെങ്കിലും ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന ഒരു തെളിവു പോലും ഇതുവരെ ഹാജരാക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. മാണിക്കും ബാബുവിനുമെതിരായ കേസുകളില്‍ വ്യത്യസ്ത നിലപാടെടുത്ത സുധീരന്റെ നടപടിക്കെതിരേ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന രണ്ടുമൂന്നു തരത്തിലുള്ള റിപോര്‍ട്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സുധീരന്റെ പ്രതികരണം.
ഡിസിസി പ്രസിഡന്റ് തലത്തിലുള്ള പുനസ്സംഘടനാ നടപടി തുടങ്ങിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. എത്രയും വേഗം 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരുടെ പുനസ്സംഘടന പൂര്‍ത്തിയാക്കും. കഴിവും യുവത്വവുമായിരിക്കും ഡിസിസി പ്രസിഡന്റിനുള്ള പ്രധാന യോഗ്യത. എല്ലാ നടപടികളിലും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക