|    Apr 20 Fri, 2018 10:34 am
FLASH NEWS

ബാബുരാജ് പാടുമ്പോള്‍

Published : 18th October 2015 | Posted By: swapna en

സംഗീതം/ ഡോ. എം.ഡി. മനോജ്

മലയാള സിനിമാഗാനത്തിന്റെ നവോത്ഥാന ഭാഗമായിരുന്നു ബാബുരാജ്. കല്യാണപ്പാട്ടുകള്‍ എന്നൊരു വിഭാഗം തന്നെ ബാബുരാജ് ചിട്ടപ്പെടുത്തിയ പാട്ടുകളിലുണ്ട്. (മധുരപൂവന…, പുള്ളിമാനല്ല…, ഒരുകൊട്ടാ പൊന്നുണ്ടല്ലോ…) വി.എം. കുട്ടിയുടെ കൂടെ നിരവധി പരിപാടികളില്‍ അവസാനകാലങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. സങ്കടത്തിന്റെ പ്രവാചകത്വം പോലെ എത്രയോ ഗാനങ്ങള്‍ ആ തൊണ്ടയില്‍ നിന്നൊഴുകി. ”മാഹിയില്‍ ഒരു കല്യാണവീട്ടില്‍വച്ച് ബാബുക്ക പാടിക്കഴിഞ്ഞതോടെ വീട്ടിലെ കാരണവര്‍ ബാബുക്കയുടെ അടുത്തുവന്നു ചെവിയിലെന്തോ മന്ത്രിച്ചു. ആ കാരണവര്‍ മൂപ്പരോട് പറഞ്ഞത്- ങ്ങള് പാടിയാല്‍ അതു കാണുന്നപോലെയും കേള്‍ക്കുന്നപോലെയും തോന്നും. അതുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും ഓര്‍ത്തിട്ട് ഇങ്ങനെ പാട്ടുപാടരുത്.” (ബാബുക്ക: തളിരിട്ട കിനാവിലെ വിരുന്നുകാരന്‍) ആത്മാവില്‍ തറഞ്ഞുകൊള്ളുന്ന അസംസ്‌കൃതവും ജീവിതഗന്ധിയുമായ ഈ ആലാപനപ്രവാഹത്തെ ഇനി എങ്ങനെ അടയാളപ്പെടുത്താനാണ്?
പാട്ടില്‍ വ്യത്യസ്ത അനുപാതത്തിലും അളവിലും ഒരുതരം അസംസ്‌കൃതമായ സ്വരസംസ്‌കാരമുണ്ടാക്കി ബാബുരാജ്. അത് ആലാപനരീതിയില്‍ മൂര്‍ത്തവും സവിശേഷവുമായ ഒരനുഭവമായി മാറി. വ്യത്യസ്ത ശൈലിയിലുള്ള പാട്ടുകള്‍ ആലപിക്കുമ്പോള്‍ ബാബുരാജിലെ വൈകാരികമായ സ്വരപ്പകര്‍ച്ചകള്‍ അനന്യമാണ്. കെ.ടി. മുഹമ്മദ് എഴുതിയ ‘ഇല്ല ദുനിയാവില്‍…’ എന്ന ഗാനത്തിലെ ഘനഗാംഭീര്യമൊന്നു വേറെയാണ്. ‘വിശ്വപ്രപഞ്ചത്തിന്നാകേ…’ എന്ന ഗാനത്തിലെ ഭക്തിനിര്‍ഭരമായ ഗേയസൗഖ്യത്തിന്റെ പൊരുള്‍ തേടിപ്പോകുവതെങ്ങനെ? ‘സ്വല്ല അലൈക്കുള്ള…’ എന്ന പാട്ടിലെ പ്രാര്‍ഥനയുടെ മൂകധ്വനികള്‍ ബാബുരാജ് മന്ത്രതരമാക്കുന്നുണ്ട്. ‘മനസ്വിനി’യിലെ ‘ആരാധികയുടെ പൂജാകുസുമം…’ എന്ന പല്ലവിയില്‍നിന്ന് അനുപല്ലവിയിലേക്ക് പാട്ടിന്റെ തോണിയടുപ്പിക്കുമ്പോള്‍ ‘ഇനിയാരാണാശ്രയം, ആരാണഭയം…’ എന്ന വരികളില്‍ അദ്ദേഹത്തിന്റെ സ്വരം ഹൃദയസ്പര്‍ശിയാവുന്നതു കേള്‍ക്കാം.

സങ്കടവും പരിഭവവും കലര്‍ന്നൊരു ആലാപനത്തിന്റെ കയറ്റിറക്കങ്ങള്‍ ആ ശബ്ദത്തില്‍ വന്നുഭവിക്കുന്നു. ‘അനന്തശയനാ…’ എന്ന ജാനകി പാടിയ ഭക്തിഗാനം ബാബുരാജിന്റെ ആലാപനത്തില്‍ വിശ്വചരാചര പ്രകൃതിയുടെ ലയംകലര്‍ന്നൊരു സൂഫിഗീതം പോലെ. എത്രയോ പ്രണയദൂരങ്ങള്‍ അളന്നിട്ട് ബാബുരാജ് ‘പ്രാണസഖീ…’ എന്നു പാടുമ്പോള്‍ നമ്മുടെ ഹൃദയവേദനകള്‍ അകലുകയാണ്. ‘ശീര്‍കാഴി’യുടെ പ്രശസ്തമായ ‘ശിവഗംഗൈ…'(കര്‍ണാടിക്) ബാബുരാജ് പാടിയപ്പോള്‍ അതിനുണ്ടാവുന്ന ഹിന്ദുസ്ഥാനി നിറങ്ങള്‍ എടുത്തുപറയേണ്ടതാണ്. ‘കണ്ടാരക്കട്ടുമ്മല്‍…’, ‘നാടും നഗരവും…’, ‘പേരാറ്റിന്‍ കരയില്‍…’ ഇങ്ങനെ നര്‍മരസത്തിലുള്ള എത്രയോ പാട്ടുകള്‍ ബാബുരാജിന്റേതായിട്ടുണ്ട്. ‘പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യിത്തിലാണ്…’…ബാബുരാജിന്റെ ആലാപനമുദ്രകള്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞിട്ടുണ്ടാവുക.

‘ഒരു ചില്ലിക്കാശ്…’ എന്ന പാട്ടും ബാബുരാജിന്റെ ജീവിതവുമായി കൂട്ടിവായിക്കാവുന്നതാണ്.
മലയാളിയുടെ വേദനകളിലേക്കായിരുന്നു ബാബുരാജിന്റെ ആലാപനം ആഴ്ന്നിറങ്ങിയത്. ജനക്കൂട്ടമായിരുന്നു അതിന്റെ കരുത്ത്. ഗാനങ്ങള്‍ കേള്‍ക്കുന്നവരും അദ്ദേഹത്തിന്റെ കൂടെ പാടിപ്പോവും. ഹൃദയത്തിന്റെ ഹാര്‍മോണിയത്തിലായിരുന്നു അദ്ദേഹം വിരലോടിച്ചത്. വികാരങ്ങളായിരുന്നു  ആ ആലാപനത്തിന്റെ സ്ഥായി. പ്രിയ സുഹൃത്ത് സി.എ.     അബൂബക്കറിന്റെ മകളുടെ വിവാഹത്തിന് ഒരു നല്ല തുക നല്‍കാനാവാതെ വിഷമിച്ച് വീട്ടില്‍ വന്നു ഹാര്‍മോണിയത്തില്‍ ‘കണ്ണീരും സ്വപ്‌നങ്ങളും…’ പാടിയത് അദ്ദേഹത്തി  ന്റെ ജീവിതവും സംഗീതവും രണ്ടല്ല എന്നറിയാന്‍ നമ്മെ     സഹായിക്കുന്നു.
അവസാനകാലത്ത് ഒരു വേദിയില്‍ ‘പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യിത്ത്…’ പാടിയ ഹൃദയസ്പര്‍ശിയായ ഒരനുഭവം ശ്രദ്ധേയമാണ്. ‘മരണത്തിന്‍ മണിയറയിലേക്കല്ലാഹു…’ എന്ന ചരണം തുടര്‍ന്നുപാടാന്‍ കഴിയാതെ തൊണ്ടയില്‍ കുരുങ്ങി നിന്നു. പാടാന്‍ കഴിയാതെ വന്നപ്പോള്‍ സദസ്സിനു മുമ്പില്‍ കൈകള്‍ കൂപ്പി. തുടര്‍ന്നുള്ള വരികള്‍ ഹാര്‍മോണിയത്തില്‍ പൂര്‍ത്തിയാക്കി. പാട്ടവസാനിക്കുന്നതുവരെ കൈകൂപ്പി നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രം ആരെയും വേദനിപ്പിക്കും (ബിച്ചാ ബാബുരാജിന്റെ ഓര്‍മക്കുറിപ്പുകള്‍). ഹൃദയത്തില്‍നിന്നു വരുന്നത് തൊണ്ടയിലും വിരലിലും സമന്വയിപ്പിക്കാന്‍ കഴിയാതെ വരുക എത്ര വേദനിപ്പിച്ചിട്ടുണ്ടാവും ഈ കലാകാരനെ.

ഒരു കല്യാണവീട്ടില്‍ ‘പ്രാണസഖീ…’ പാടുമ്പോഴായിരുന്നു അദ്ദേഹത്തിന് ആദ്യമായി പക്ഷാഘാതമുണ്ടായത്. പാട്ടു പാടിയായിരുന്നു മനസ്സിലെ സമുദ്രക്ഷോഭങ്ങളെ അദ്ദേഹം അകറ്റിനിര്‍ത്തിയിരുന്നത്. ‘ബാബുക്കയുണ്ടായിരുന്നപ്പോള്‍ വീട്ടില്‍ വരുകയും മൂപ്പരെ കൊണ്ടുപോവുകയും ചെയ്ത പലരെയും അദ്ദേഹത്തിന്റെ മരണശേഷം ഞങ്ങള്‍ കണ്ടിട്ടില്ല’ ബിച്ചാ ബാബുരാജിന്റെ ഈ വാക്കുകള്‍ മഹത്തായൊരു സംഗീതകാലം അനുഭവവേദ്യമാക്കിയ ഒരു കലാകാരന് സമൂഹം നല്‍കുന്ന ആദരവിനെയും അനാദരവിനെയും കുറിച്ച് ചിന്തിക്കാന്‍ നമ്മെ ഓരോരുത്തരെയും പ്രേരിപ്പിക്കും. ി

ലിപി പബ്ലിക്കേഷന്‍സ് ഉടനെ പ്രസിദ്ധീകരിക്കുന്ന ബാബുരാജ് ഓര്‍മപുസ്തകത്തില്‍നിന്നെടുത്ത ലേഖന ഭാഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss