|    Jan 19 Thu, 2017 8:00 am
FLASH NEWS

ബാബുരാജിന് പേരമകളുടെ സംഗീതാര്‍ച്ചന

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: മലയാള സംഗീത ലോകത്തിന് കോഴിക്കോടിന്റെ ആത്മസ്പര്‍ശം പ്രസരിക്കുന്ന മെലഡി സമ്മാനിച്ച ബാബുരാജിന്റെ ഓര്‍മക്കു മുന്നില്‍ പേരമകളുടെ സംഗീതാര്‍ച്ചന. ബാബുരാജ് ഈണം ചാലിച്ച പാട്ടുകള്‍ മൂന്നാം തലമുറയിലെ നിമിഷ സലീം പാടിയപ്പോള്‍ കോഴിക്കോട് ജയാ ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ശ്രോതാക്കള്‍ ബാബുരാജിന്റെ മാന്ത്രിക സിദ്ധിയടെ ജനിതക തുടര്‍ച്ചയറിഞ്ഞു. രാംഗ് രംഗ് സംഘടിപ്പിച്ച എ ട്രിബ്യൂട്ട് ടു ഉപ്പൂപ്പ എന്ന സംഗീത സായാഹ്നമാണ് ബാബുരാജിന്റെ മൂന്നാം തലമുറയുടെ പാട്ടു കേള്‍ക്കാന്‍ അവസരമൊരുക്കിയത്. ബാബുരാജിന്റെ മകള്‍ സാബിറയുടെ മകളായ ഫെമിനയുടെ പുത്രിയാണ് നിമിഷ സലീം. സംഗീതം എത്രമേല്‍ സ്‌നേഹാര്‍ദ്രമാണെന്ന് തിരിച്ചറിഞ്ഞത് ഉപ്പൂപ്പയുടെ പാട്ടുകളിലൂടെയാണെന്ന് ആമുഖം പറഞ്ഞാണ് നിമിഷ തുടങ്ങിയത്. താന്‍ ബാബുരാജിന്റെ പേരമകളല്ലെന്നും കടുത്ത ആരാധികയാണെന്നും അറിയിച്ച്  മലയാളി ഹൃദയത്തിലേറ്റിയ സുറുമയെഴുതിയ മിഴികളേ എന്ന പാട്ടോടെ ഗാനാര്‍ച്ചനയ്ക്ക് തുടക്കം. ഇന്നും പുതുമ ചോരാത്ത പാട്ടുകളിലൂടെ നിമിഷ ശ്രോതാക്കളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്ന പാട്ട്, പാടി അവസാനിപ്പിക്കുമ്പോള്‍ ബാബുരാജിന് പേരമകളുടെ ശ്രദ്ധാഞ്ജലി എന്നതിനപ്പുറം, ബാബുരാജിന്റെ  പാട്ടുകള്‍ ഇനിയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന തിരിച്ചറിവുകൂടിയായി പരിപാടി. സിനിമാ നടന്‍ മാമുക്കോയ, എഴുത്തുകാരന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ഗോപി സുന്ദര്‍, സിനിമാ നിര്‍മാതാവ് പി വി ഗംഗാധരന്‍, വി പി ഷൗക്കത്തലി സംസാരിച്ചു. നിമിഷ സലീം ആലപിച്ച ട്രിബ്യൂട്ട് ടു ഉപ്പൂപ്പ, ട്രിബ്യൂട്ട് ടു ലെജന്റ് എന്നീ ഓഡിയോ സിഡികളുടെ പ്രകാശനവും നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക