|    Jun 21 Thu, 2018 11:26 pm
FLASH NEWS

ബാബുക്കയുടെ മരിക്കാത്ത ഓര്‍മയില്‍ തബലിസ്റ്റ് ഇബ്രാഹീംകുട്ടി

Published : 8th October 2016 | Posted By: Abbasali tf

പൊന്നാനി: അമൂല്യമായൊരു നിധിയുണ്ട് പൊന്നാനിക്കാരനായ ആര്‍ വി ഇബ്രാഹീംകുട്ടിയുടെ കൈയില്‍. എം എസ് ബാബുരാജിനുവേണ്ടി നിരവധി വേദികളില്‍ താളമായി പെയ്തിറങ്ങിയ തബല. പ്രണയവും വിരഹവും ഇതളിട്ടു വിരിഞ്ഞ ഒരുപിടി മധുരഗാനങ്ങളൊരുക്കാന്‍ ബാബുരാജിന് താളമൊരുക്കിയ അതേ തബല. സംഗീതത്തിന്റെ ലഹരിയില്‍ ജീവിക്കാന്‍ മറന്നുപോയ പൊന്നാനിയിലെ മറ്റേത് പാട്ടുകാരെയും പോലെ ഇബ്രാഹീംകുട്ടിക്കും മരണത്തോളം ഓര്‍ക്കാന്‍ ആ ഓര്‍മകള്‍ മതി, ബാബുരാജിന്റെ മരിക്കാത്ത ഓര്‍മകള്‍. കഴിഞ്ഞ 38 വര്‍ഷമായി ഇബ്രാഹീംകുട്ടിയുടെ സംഗീത ഓര്‍മകളെല്ലാം നിലയ്ക്കാത്ത ആ പാട്ടുകാരനൊപ്പമാണ്. പൊന്നാനിയിലെ മുക്കിലും മൂലയിലും ബാബുരാജിന്റെ പാട്ടോര്‍മകളുണ്ട്. ഇബ്രാഹീംകുട്ടിയുടെ കല്യാണത്തിനും അല്ലാതെയും ബാബുരാജ് പൊന്നാനിയില്‍ വന്നിട്ടുണ്ട്. ഓരോ പാട്ട് സദസ്സുകളിലും ബാബുരാജിനു വേണ്ടി തബലയൊരുക്കാന്‍ ഇബ്രാഹീംകുട്ടിയുടെ മാന്ത്രിക വിരലുകള്‍ നൃത്തം ചെയ്തു. ഇ കെ അബൂബക്കര്‍, ഖലീല്‍ ഭായ്, വി എം കുട്ടി എന്നിവര്‍ക്ക് വേണ്ടിയും തബലയില്‍ മാന്ത്രികത തീര്‍ക്കാന്‍ ഇബ്രാഹീംകുട്ടിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ഭാര്യ താഹിറ മികച്ചൊരു ഗായികയാണ്. മകന്‍ അബൂബക്കര്‍ ഷംനാസും, മകള്‍ ഫാത്വിമ ഷംലിയും പാട്ടുകാര്‍ തന്നെ. ജനകീയ കലാസമിതിയിലൂടെയാണ് പ്രശസ്തരായ ഉസ്താദുമാരാല്‍ ഇബ്രാഹീംകുട്ടി തബലയുടെ താളം ക്രമപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൊന്നാനി എ വി ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന ബാബുരാജ് അനുസ്മരണ ചടങ്ങില്‍ പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മയായ സഹൃദയ സൗഹൃദ സംഘം ഇബ്രാഹീംകുട്ടിയെ ആദരിക്കും .സ്‌നേഹാദരവിന് പുറമെ ബാബുരാജിന്റെ ഹൃദയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെഹ്ഫിലും ഒരുക്കിയിട്ടുണ്ട്. ഇതിഹാസ ഗായകനും സംഗീതജ്ഞനുമായ ബാബുരാജിന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി പൂക്കുകയാണ് ഇന്ന് പൊന്നാനിയില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss