|    Oct 22 Mon, 2018 4:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ്: ശിയാ നേതാവ് സന്ന്യാസിമാരുമായി ചര്‍ച്ചനടത്തി

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: അയോധ്യയില്‍ സംഘപരിവാര കര്‍സേവകരാല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്തുവച്ച് പരിഹരിക്കാനുള്ള നീക്കവുമായി ശീയാ വഖ്ഫ് ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വി അയോധ്യയിലെ സന്യാസിമാരുമായി ചര്‍ച്ചനടത്തി. അയോധ്യയിലെ രാമ ജന്‍മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത്  ഗോപാല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ബാബരി മസ്ജിദിന്റെ സ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന നിലപാടാണ് ട്രസ്റ്റിനും ശിയാ വഖ്ഫ് ബോര്‍ഡിനുമുള്ളത്. ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്‌ലിംകള്‍ക്കു കീഴിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കണമെന്നാണ് ശിയാ നേതാക്കളുടെ നിലപാട്. മഹന്ത് ഗോപാല്‍ ദാസുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നുവെന്നും തങ്ങളുടെ നിര്‍ദേശം അവര്‍ക്കു മുമ്പാകെ വച്ചുവെന്നും റിസ്‌വി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, കൂടിക്കാഴ്ചയില്‍ പ്രധാനമായി ഒന്നുമില്ലെന്നായിരുന്നു ഗോപാല്‍ദാസിന്റെ പ്രതികരണം. പള്ളി പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ചു തങ്ങള്‍ യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖാന്തരം മാത്രമെ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമാണ് കേസിലെ പ്രധാനഹരജിക്കാരായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss