|    Dec 14 Thu, 2017 1:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് പ്രശ്‌നപരിഹാരത്തിനു രവിശങ്കറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി

Published : 29th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ പ്രശ്‌നപരി—ഹാരത്തിനു മധ്യസ്ഥത വഹിക്കാന്‍  ശ്രീശ്രീ രവിശങ്കറുമായി ബന്ധപ്പെട്ടുവെന്ന വാര്‍ത്ത ബാബരി ആക്ഷന്‍ കമ്മിറ്റി നിരസിച്ചു. ഇതുമായി ബന്ധപ്പെട്ടു രവിശങ്കറുമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും കമ്മിറ്റി അംഗം വ്യക്തമാക്കി.വിഷയവുമായി സംസാരിക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പു രവിശങ്കറിന്റെ മധ്യസ്ഥര്‍ തന്നെ സമീപിച്ചിരുന്നുവെന്നു ബാബരി ആക്ഷന്‍ കമ്മിറ്റി അംഗം ഹാജി മഹ്ബൂബ് വെളിപ്പെടുത്തി. അതിനെ താന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, അവര്‍ തങ്ങളുമായി സംസാരിക്കുകയോ, എന്തെങ്കിലും സന്ദേശം അയക്കുകയോ ചെയ്തിരുന്നില്ല. ഹൈന്ദവ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. രവിശങ്കറിനു തങ്ങളുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനു സന്നദ്ധമാണ്. എന്നാല്‍, സംഭാഷണത്തിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നവും തങ്ങളുടെ മുന്നിലില്ലെന്നു മഹ്ബൂബ് വ്യക്തമാക്കി. ബാബരി മസ്ജിദ് വിഷയത്തില്‍ മധ്യസ്ഥം വഹിക്കണമെന്നു ഹൈന്ദവ ട്രസ്റ്റായ നിര്‍മോഹി അഖായും ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡും രവിശങ്കറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അതേസമയം, മധ്യസ്ഥശ്രമം ഇതുവരെ നടത്തിയിട്ടില്ലെന്നു രവിശങ്കറും വ്യക്തമാക്കി. ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ടെന്നും രവിശങ്കര്‍ പറഞ്ഞു. ചിലയാളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നതു ശരിയാണ്. ബാബരി മസ്ജിദ് പ്രശ്‌നം പരിഹരിക്കണമെന്നാണു ജനങ്ങളുടെ ആഗ്രഹം. മധ്യസ്ഥന്റെ സ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരുസമുദായങ്ങളും മഹാമനസ്‌കത കാണിക്കണം. ഒന്നും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് എന്തെങ്കിലും ചെയ്യണമെന്നു മാത്രമാണു തന്റെ ആഗ്രഹം. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം- രവിശങ്കര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക