|    Nov 17 Sat, 2018 6:23 pm
FLASH NEWS

ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമോ?

Published : 5th December 2015 | Posted By: swapna en

   ഹൃദയതേജസ്     ടി കെ ആറ്റക്കോയ
സാമൂഹികജീവിതത്തിന് ചൈതന്യവും സജീവതയും പകര്‍ന്നുനല്‍കുന്നതില്‍ പ്രമുഖ സ്ഥാനമാണ് മസ്ജിദുകള്‍ക്കുള്ളത്. അറിവിന്റെയും സംസ്‌കാരത്തിന്റെയും ദിശാനിര്‍ണയത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും കേന്ദ്രസ്ഥാനം. സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും ധൈര്യത്തിന്റെയും ശക്തിയുടെയും പ്രഭവകേന്ദ്രം. ഫറോവയുടെയും കിങ്കരന്മാരുടെയും മര്‍ദ്ദനം ഭയന്ന് മൂസാനബിയില്‍ വിശ്വസിക്കാന്‍ സമൂഹത്തിലെ അധികപേരും തയ്യാറായില്ല. ഏതാനും ചിലര്‍ മാത്രമെ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുകയുണ്ടായുള്ളൂ. മര്‍ദ്ദനത്തില്‍നിന്നു രക്ഷകിട്ടാന്‍ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ക്ക് വീടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ മൂസാനബിയോടും ഹാറൂന്‍ നബിയോടും ദൈവം അനുശാസിച്ചു. വീടുകള്‍ ഖിബ്‌ലയായി നിശ്ചയിച്ച് നമസ്‌കാരം നിലനിര്‍ത്തണമെന്നും ദൈവം കല്‍പിച്ചു. ഈ സംഭവം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുതരുന്നു. (ഒന്ന്) മസ്ജിദിന്റെ അഭാവം ജനങ്ങളില്‍ കടുത്ത ഭീതിയും അങ്കലാപ്പും സൃഷ്ടിക്കുന്നു. (രണ്ട്) പള്ളി പണിയാനോ, പരസ്യമായി പ്രാര്‍ഥിക്കാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ താമസസ്ഥലങ്ങളെ ദൈവഭവനങ്ങള്‍ എന്നു കരുതി അവിടെ ഒത്തുചേര്‍ന്ന് പ്രാര്‍ഥന നിര്‍വഹിക്കുമ്പോള്‍ പോലും ജനങ്ങള്‍ക്ക് സമാശ്വാസവും ധൈര്യവും കൈവരുന്നു. പള്ളി എത്രമാത്രം മനുഷ്യസൗഹൃദത്തിന്റെ സ്ഥാപനമാണ്.
മതപരമായ ഉദ്‌ബോധനം, ഭരണനിര്‍വഹണം, നീതിനിര്‍വഹണം തുടങ്ങി സാമൂഹികജീവിതത്തെ ബാധിക്കുന്ന മുഴുവന്‍ മേഖലകളും കൈയാളിയിരുന്നത് മസ്ജിദുകളായിരുന്നു. മക്കയും മദീനയും ജറുസലേമും ബഗ്ദാദും ഇസ്ഫഹാനും കൊര്‍ദോവയും ലാഹോറും ഡല്‍ഹിയും മസ്ജിദുകളുടെ പരിചരണത്തില്‍ വളര്‍ത്തപ്പെട്ടവയാണ്. മസ്ജിദിന്റെ മടിത്തട്ടിലാണ് വിശ്വസംസ്‌കൃതി പടര്‍ന്നുപന്തലിച്ചത്. വിശ്വമാനവികത തളിര്‍ത്തത്.    പള്ളികളുടെ ഈ പ്രഭാവവും സ്വാധീനവും അതു മുഖേന വിശ്വാസികള്‍ നേടിയെടുത്ത ഔന്നത്യവും എന്നും പൈശാചികശക്തികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ ആദ്യമായി സ്ഥാപിതമായ ദൈവാലയമാണ് കഅ്ബ.

പൊന്‍കുന്നം സെയ്തുമുഹമ്മദ് കഅ്ബയെകുറിച്ച് പാടിയതിങ്ങനെ: അതാണ് കാബാ മനുജന്റെ പൂര്‍വപുരാണപുണ്യത്തിന് നീതി സാക്ഷിഅതിങ്കല്‍ നിന്നാണുലകിങ്കലാത്മപ്രകാശസൗന്ദര്യമുയിര്‍പ്പിടിച്ചു”കഅ്ബാലയത്തന്റെ സ്വാധീനം ജനഹൃദയങ്ങളില്‍നിന്ന് എടുത്തുകളയാനും അത് പ്രസരിപ്പിക്കുന്ന പ്രകാശം കെടുത്തിക്കളയാനും അബ്‌റഹത്ത് തീരുമാനിച്ചു. യമനിന്റെ തലസ്ഥാനമായ സന്‍ആയില്‍ അദ്ദേഹം ഒരു ചര്‍ച്ച് പണിതു. അല്‍ഖലീസ്, അല്‍ഖുലൈസ് എന്നീ പേരുകളില്‍ അത് അറിയപ്പെട്ടു. അറബികളുടെ തീര്‍ത്ഥാടനം കഅ്ബയില്‍നിന്നും താന്‍ പണിത ചര്‍ച്ചിലേക്ക് മാറ്റണമെന്ന് അബ്‌റഹത്ത് ആഗ്രഹിച്ചു. ആ ഉദ്ദേശ്യം നിറവേറ്റാനായി ആനപ്പടയുടെ അകമ്പടിയോടെ അദ്ദേഹം കഅ്ബ പൊളിക്കാന്‍ പുറപ്പെട്ടു. പക്ഷേ, അബാബീല്‍ പക്ഷികളുടെ ആക്രമണത്തിനു മുമ്പില്‍ അബ്‌റഹത്തും സൈന്യവും പരാജയപ്പെടുകയാണുണ്ടായത്. പൈശാചികശക്തികള്‍ ഇന്നും മസ്ജിദുകള്‍ക്കുനേരെ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആകാശങ്ങളുടെ ഉച്ചി വരെ ഉയര്‍ന്നുനില്‍ക്കുന്ന നീതിസൗധത്തിന്റെ അധിപനായ ബാബര്‍ ചക്രവര്‍ത്തിയുടെ കല്‍പനയാല്‍ എന്നെന്നും നിലനില്‍ക്കുന്ന നന്മയെന്ന വിധം നല്ലവനായ മീര്‍ ബാഖി പണികഴിപ്പിച്ച മാലാഖമാരുടെ സംഗമസ്ഥാനം -ബാബരി മസ്ജിദ്- വര്‍ഗീയശക്തികള്‍ തകര്‍ത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുന്നു. മസ്ജിദ് എങ്ങനെ പുനഃസ്ഥാപിക്കപ്പെടും? ബാബരി യഥാസ്ഥാനത്തുതന്നെ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ നിഷ്ഫലങ്ങളായി. ഭരണകര്‍ത്താക്കള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിച്ചു. നിയമലോകം അംഗീകരിച്ചുവന്ന എല്ലാ മാനദണ്ഡങ്ങളെയും മറികടന്നും വിശ്വാസത്തെയും വികാരത്തെയും പരിഗണിച്ചുകൊണ്ടുമുള്ള വിധിക്കുമുമ്പില്‍ നിരാശയില്‍ കഴിയേണ്ടിവരുന്ന ഒരവസ്ഥയാണ് കോടതിയില്‍ നീതി തേടിയവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.
നാമെന്തു ചെയ്യണം? കനിവറിയാത്ത അധികാരിക്കോവിലുകള്‍ തകരണം. അതിന്റെ പെരുവേരുകള്‍ മാന്തിയെറിയണം. അതിന്റെ സ്ഥാനത്ത് നീതിയുടെ സൗധങ്ങള്‍ പടുത്തുയര്‍ത്തണം. അതിനുവേണ്ടിയുള്ള അര്‍ഥവത്തായ മത,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങളുടെ ഫലമെന്നോണം മാത്രമെ ബാബരി പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. നിസ്സംഗതയെ ആറ്റിലെറിയുക. ഇരുള്‍ മാറ്റുന്ന ചേതനയെ പുണരുക. അല്ലെങ്കില്‍ എന്‍ നഗരത്തിന് തീ കൊളുത്തിയതും, എന്റെ അതിരുകള്‍ മാറ്റിക്കുറിച്ചതും പള്ളിമിനാരങ്ങള്‍ ഇടിച്ചുതകര്‍ത്തതും ഞാനറിഞ്ഞില്ലതിശയമേ”എന്ന് വീണ്ടും വീണ്ടും വിലപിക്കാനേ നമുക്ക് വിധിയുണ്ടാവുകയുള്ളൂ. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss