|    Jun 24 Sun, 2018 5:09 am
FLASH NEWS
Home   >  Editpage  >  Editorial  >  

ബാബരി മസ്ജിദ് : നീതിയുടെ കരങ്ങള്‍ നീളുന്നു

Published : 20th April 2017 | Posted By: fsq

 

1992 ഡിസംബര്‍ ആറിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു നേതൃത്വം കൊടുക്കുകയും പിന്നീട് അതുണ്ടാക്കിയ വര്‍ഗീയവൈരം മൂലധനമാക്കി അധികാരത്തിലേറുകയും ചെയ്ത ബിജെപി നേതാക്കളെ മസ്ജിദ് ധ്വംസനത്തിന് ഗൂഢാലോചന നടത്തുകയും തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുന്നു. ദേശീയതലത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് വിരാജിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അഡ്വാനി, മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി മുരളീ മനോഹര്‍ ജോഷി, വിടുവായത്തത്തിനും പ്രകോപനപ്രസംഗങ്ങള്‍ക്കും കേളികേട്ട ഉമാഭാരതി തുടങ്ങിയവര്‍ വിചാരണയ്ക്കായി ലഖ്‌നോ കോടതിയില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടിരിക്കുന്നു. കേസ് വിചാരണ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും 93 ആദ്യത്തില്‍ ബോംബെയില്‍ കൂട്ടക്കൊലയ്ക്കു ചുക്കാന്‍പിടിക്കുകയും ചെയ്ത ശിവസേനാ നേതാവ് ബാല്‍ താക്കറെ മൃതിയടഞ്ഞുവെങ്കിലും പ്രതിപ്പട്ടികയിലുണ്ട്. രാജ്യത്തെ പരമോന്നത കോടതിക്കും ദേശീയോദ്ഗ്രഥന സമിതിക്കും പള്ളി സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയ അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗവര്‍ണറായതിനാല്‍ തല്‍ക്കാലം പ്രതിയല്ലെങ്കിലും സിങ് രാജ്ഭവനില്‍നിന്ന് ഇറങ്ങുന്നതോടെ പ്രതിക്കൂട്ടില്‍ കയറേണ്ടിവരും. ജസ്റ്റിസുമാരായ പി സി ഘോഷ്, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ ലഖ്‌നോവിലെ വിചാരണക്കോടതിയോട് ഇടവേളയില്ലാതെ വിചാരണ നടത്താനാണ് കല്‍പ്പിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ നീതിന്യായവ്യവസ്ഥയെ തുരങ്കംവയ്ക്കുന്നതില്‍ കാണിച്ച മിടുക്ക് കാരണമാണ് രാജ്യത്തെ നടുക്കുകയും വിഭജിക്കുകയും ചെയ്ത ഒരു വന്‍ കുറ്റകൃത്യത്തിന്റെ വിചാരണ കാല്‍നൂറ്റാണ്ടുകാലം നീണ്ടുപോയത്. രണ്ടു കേസുകളിലുമായി ആയിരത്തോളം സാക്ഷികളുള്ളതില്‍ 200ല്‍ താഴെ പേരേ ഇതുവരെ മൊഴി നല്‍കിയിട്ടുള്ളൂ. വന്‍തോക്കുകളെ രക്ഷിക്കുന്നതിനായി പ്രോസിക്യൂഷന്‍ ബോധപൂര്‍വം വിചാരണ വൈകിച്ചതായിരുന്നു. അതിനിടയിലാണ് റായ്ബറേലി കോടതി അഡ്വാനിയടക്കമുള്ള 13 പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍നിന്നു മുക്തരാക്കിയത്. വിചാരണയുടെ ഫലമെന്തായാലും ബിജെപിയില്‍ വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. രണ്ടു കേസിലും പ്രതികളായവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പഴയ തലമുറയില്‍പ്പെട്ടവരാണ്. രംഗത്തുനിന്നു ക്രമേണ നിഷ്‌ക്രമിക്കുന്നവരാണ് എല്ലാവരും. പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍കൂറ്റുകാര്‍ക്ക് അതിനാല്‍ തന്നെ വിധി അനുഗ്രഹമായിത്തീരാനാണ് സാധ്യത. രാഷ്ട്രപതിയാവാന്‍ കോട്ട് തയ്ച്ചുവച്ചിരിക്കുന്ന അഡ്വാനിക്ക് വിധി വലിയ തിരിച്ചടിയായി. അതേയവസരം, പതുക്കെയാണെങ്കിലും നീതിയുടെ കരങ്ങള്‍ വീണ്ടും വീണ്ടും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വ ഫാഷിസം സൃഷ്ടിക്കുന്ന ചുഴലിക്കാറ്റിനിടയില്‍പ്പോലും പിടിച്ചുനില്‍ക്കുന്നുവെന്ന വസ്തുത റിപബ്ലിക്കിന്റെ അടിത്തറ ബലപ്പെടുത്തുമെന്നു തീര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss