|    Jan 20 Fri, 2017 11:42 pm
FLASH NEWS

ബാബരി മസ്ജിദ് നിലനിന്ന പ്രദേശം ഒഴിവാക്കി രാഹുലിന്റെ അയോധ്യാ സന്ദര്‍ശനം

Published : 10th September 2016 | Posted By: mi.ptk

rahul-gandhi-ayodhya_650x40

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു പ്രമുഖാംഗം ഇത് ആദ്യമായാണ് അയോധ്യയിലെത്തുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെത്തിയ രാഹൂല്‍ഗാന്ധി ഇവിടെ പ്രാര്‍ഥിച്ചു. എന്നാല്‍, ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്ത് അദ്ദേഹം സന്ദര്‍ശനം നടത്തിയില്ല.അതേസമയം, ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനു മുമ്പ് രാഹുല്‍, വിശ്വ ഹിന്ദുപരിഷത്തിന്റെ വിമര്‍ശകനും അഖിലഭാരതീയ അഖാര പരിഷത്ത് നേതാവുമായ മഹന്ത് ഗ്യാന്‍ ദാസുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ഹിന്ദു, സിഖ് സന്ന്യാസിമാരുടെ പ്രധാന സംഘടനയാണ് അഖാര പരിഷത്ത്. രാഹുല്‍ അനുഗ്രഹം തേടിയാണു വന്നതെന്നും സന്ന്യാസിമാരുടെ അടുത്ത് രാഷ്ട്രീയക്കാര്‍ അനുഗ്രഹം തേടി വരുന്നത് ഒരു വലിയ സംഭവമല്ലെന്നുമായിരുന്നു രാഹുലിന്റെ സന്ദര്‍ശനത്തോട് മഹന്ത് ഗ്യാന്‍ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണാ ര്‍ഥം ഉത്തര്‍പ്രദേശില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുല്‍ അയോധ്യ സന്ദര്‍ശിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തെ നേരിടാനുള്ള മൃദുഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് രാഹുലിന്റെ അയോധ്യാ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം നടക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ, മുസ്‌ലിം, ദലിത് വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിത് എന്ന ബ്രാഹ്മണസമുദായാംഗത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.അതേസമയം, സാമുദായികസന്തുലനം ഉറപ്പുവരുത്താനായി അംബേദ്കര്‍ നഗറിലുള്ള കിച്ചൗച ഷരീഫ് ദര്‍ഗ സന്ദര്‍ശിക്കാനും രാഹുല്‍ സമയം കണ്ടെത്തി. എന്നാല്‍, തങ്ങള്‍ ഏതെങ്കിലും ഒരു ജാതിയുടെ ഭരണകൂടത്തെയല്ല, നാനാജാതി ആളുകളുടെ ഒരു സര്‍ക്കാരാണ് രൂപീകരിക്കുകയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ഷകരും തൊഴിലാളികളുമ ടക്കം എല്ലാവിഭാഗം ജനങ്ങള്‍ ക്കും ജീവിതത്തില്‍ പ്രശ്‌നങ്ങ ളുണ്ടെന്ന വസ്തുത മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 275 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക