|    Jun 21 Thu, 2018 7:38 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

ബാബരി മസ്ജിദ് ധ്വംസനം: തുടക്കക്കാരും തുടര്‍ന്നവരും

Published : 7th February 2016 | Posted By: SMR

slug-enikku-thonnunnathuടി എ അബ്ദുല്‍ വഹാബ്, തിരുവനന്തപുരം

അയോധ്യയില്‍ രാമക്ഷേത്രം തുറന്നുകൊടുത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെളിപ്പെടുത്തിയതോടെ മൂന്നു പതിറ്റാണ്ടിനു ശേഷമാണെങ്കിലും സത്യം പുറത്തുവന്നിരിക്കുന്നു.
ജനുവരി അവസാനവാരത്തില്‍ ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത ‘ദ ടര്‍ബുലന്റ് ഇയേഴ്‌സ്’ 1980-96 എന്ന ഗ്രന്ഥത്തിലാണ് ക്ഷേത്രം തുറന്നുകൊടുത്ത കാര്യം ചര്‍ച്ചയായിരിക്കുന്നത്. മുസ്‌ലിംകള്‍ 400 വര്‍ഷക്കാലത്തിലധികം ആരാധന നടത്തിവന്നിരുന്ന ഫൈസാബാദിലെ ബാബരി പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനെത്തിയവര്‍ കണ്ടത് ഒരു രാമശിലാവിഗ്രഹം പള്ളിയിലെ മെഹറാബിനടുത്ത് ‘സ്വയംഭൂ’വായിരിക്കുന്ന കാഴ്ചയാണ്. ഇതറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭ്ഭായ് പട്ടേലിനോടു നിര്‍ദേശിച്ചത് ആ ശിലയെടുത്ത് സരയൂ നദിയില്‍ എറിയാനായിരുന്നു. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഫൈസാബാദ് ജില്ലാ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നീണ്ടകാലം മസ്ജിദ് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണശേഷം അധികാരത്തില്‍ വന്ന പുത്രന്‍ രാജീവ്ഗാന്ധിയുടെ കാലത്ത് അന്ന് മുസ്‌ലിംകള്‍ക്ക് അനുകൂലമായി ശരീഅത്ത് ബില്ല് പാര്‍ലമെന്റില്‍ പാസാക്കിക്കൊടുത്തതിന് പ്രത്യുപകാരമായി സവര്‍ണസമുദായങ്ങളെ പ്രീതിപ്പെടുത്താന്‍ ഇല്ലാത്ത ക്ഷേത്രം ഹൈന്ദവര്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാമെന്ന തെറ്റായ തീരുമാനം കൈക്കൊള്ളുകയാണു ചെയ്തത്.
1949ല്‍ ഫൈസാബാദ് ജില്ലാ കോടതിയിലെ ജഡ്ജി കെ കെ നായര്‍ (ആലപ്പുഴ സ്വദേശി) ആയിരുന്നു. ബലമായി പ്രതിഷ്ഠ സ്ഥാപിച്ച പള്ളി 1986 ഫെബ്രുവരി ഒന്നിന് ആരാധനയ്ക്കായി തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു ഹിന്ദുമതവിശ്വാസി ഹരജി നല്‍കുന്നു. ജില്ലാ ജഡ്ജി എതിര്‍കക്ഷിയായ വഖ്ഫ് ബോര്‍ഡ് പ്രതിനിധിക്കുപോലും നോട്ടീസ് അയക്കാതെ ക്ഷേത്രം തുറന്നുകൊടുത്തുകൊണ്ട് വിധി പ്രസ്താവിച്ചു. ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും പണ്ഡിതസംഘടനകളുടെയും എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് അവിടെ ശിലാന്യാസം നടത്താന്‍ രാജീവ്ഗാന്ധി തീരുമാനിക്കുകയായിരുന്നു. എന്നാല്‍, രാജീവ്ഗാന്ധിയുടെ വധത്തിനുശേഷം അധികാരത്തില്‍ വന്ന പ്രധാനമന്ത്രി പി വി നരസിംഹറാവുവാണ് ബാബരി മസ്ജിദ് തകര്‍ക്കാനുള്ള സംഘപരിവാര ഗൂഢാലോചനയ്ക്ക് ചൂട്ടുപിടിച്ചത്.
ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടാമത്തെ കറുത്തദിനമായി (ആദ്യത്തേത് ഗാന്ധിവധം) വ്യാഖ്യാനിക്കപ്പെട്ട ദിവസമായിരുന്നു 1992 ഡിസംബര്‍ ആറ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു കര്‍സേവകര്‍ പള്ളിയുടെ മുകളില്‍ കയറി ഇരിപ്പുറപ്പിച്ച് താഴികക്കുടങ്ങള്‍ ഓരോന്നായി തച്ചുടയ്ക്കുമ്പോള്‍, ഒരിക്കലും പള്ളി പൊളിക്കാന്‍ ഇടവരില്ലെന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന് ഉറപ്പുനല്‍കിവന്ന പ്രധാനമന്ത്രി റാവു ജന്‍പഥിലെ വസതിയില്‍ ഉറക്കത്തിലായിരുന്നത്രെ!
മലയാള മനോരമ പത്രത്തില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫറായിരുന്ന കോഴിക്കോട്ടുകാരനായ മുസ്തഫ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം, തന്റെ പേരുപോലും മാറ്റിപ്പറയേണ്ടിവന്ന ഭീകരാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നതെന്നായിരുന്നു. മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി തന്നെ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളിലൂടെ നമുക്ക് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിച്ചുവല്ലോ എന്നു സമാധാനിക്കാം. ഇതോടൊപ്പമാണ് കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ് ക്ഷേത്രം ആരാധനയ്ക്കു തുറന്നുകൊടുത്തത് കോടതിയാണെന്നും എന്നാല്‍, ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയത് രാജീവ്ഗാന്ധിയാണെന്നും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഉത്തരവാദി നരസിംഹറാവുവാണെന്നും വെളിപ്പെടുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss