|    Dec 14 Thu, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ആദ്യം വാദം കേള്‍ക്കണം: ജസ്റ്റിസ് ലിബര്‍ഹാന്‍

Published : 3rd December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ പള്ളി തകര്‍ത്ത കേസില്‍ ആദ്യം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേസ് അന്വേഷിച്ച ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍. പള്ളി തകര്‍ത്ത കേസില്‍ വിധി പുറപ്പെടുവിച്ച ശേഷമെ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പരിഗണിക്കാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ചൊവ്വാഴ്ച മുതല്‍ സുപ്രിംകോടതി ദിവസേന വാദം കേള്‍ക്കാനിരിക്കെയാണ് ജ. ലിബര്‍ഹാന്റെ പ്രതികരണം.
ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ ഉത്തരവ് പള്ളി തകര്‍ത്ത കേസിന്റെ വിചാരണയെ ബാധിക്കും. പള്ളി നിലനിന്ന സ്ഥലം വഖ്ഫ് ബോര്‍ഡിന്റെതാണ് എന്നാണ് കോടതിയുടെ വിധിയെങ്കില്‍ വഖ്ഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആരാധനാലയം തകര്‍ത്ത കേസില്‍ പ്രതികളെ ശിക്ഷിക്കാം. ഇനി ഉടമസ്ഥാവകാശ കേസില്‍ ഹൈന്ദവ ട്രസ്റ്റുകള്‍ക്ക് അനുകൂലമാണ് വിധിയെങ്കില്‍ സ്വന്തം സ്ഥലത്തുള്ള ആരാധനാലയമാണ് തകര്‍ക്കപ്പെട്ടത് എന്ന വിധത്തില്‍ ബാബരി കേസ് ന്യായീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. പള്ളി പൊളിക്കുന്നതിന് എല്ലാവരും സാക്ഷിയാണ്. അതിനാല്‍, ആ കേസില്‍ ആദ്യം വിധിപറയണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വിഹിതംവച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിവിധി ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ല ഉണ്ടാക്കിയത്. നിയമപ്രകാരം ഒരു തീരുമാനം എടുക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, കോടതി ഭൂമി വീതിച്ചു കൊടുക്കുകയാണുണ്ടായത്. രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള മുസ്‌ലിംകളുടെ വിശ്വാസം പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്ന പൗരാവകാശ സംഘടനകളില്ലെന്നതാണ് പ്രധാനവിഷയം. ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു പാര്‍ട്ടിയും ആത്മാര്‍ഥമായി ഒന്നും ചെയ്യുന്നില്ല. എല്ലാ പാര്‍ട്ടികളും അവരുടെ വഴിയില്‍ മുതലെടുപ്പ് നടത്തുകയാണ്. മതേതരസമൂഹം എന്നു പറയപ്പെടുന്നവരില്‍ പോലും ആ വിഷയം ഉയര്‍ന്നുവരുന്നില്ല. എല്ലാം മുദ്രാവാക്യത്തില്‍ മാത്രമായി ചുരുങ്ങി.
മുത്ത്വലാഖ് അസാധുവാക്കിയുള്ള സുപ്രിംകോടതി വിധിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ശീലങ്ങളിലും തീരുമാനമെടുക്കാന്‍ സുപ്രിംകോടതിക്ക് എന്ത് കാര്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സിഖ്, പാര്‍സി മതങ്ങളുടെ വിഷയങ്ങളിലും കോടതി വിധി പുറപ്പെടുവിക്കുന്നതിനെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തെ നീതിന്യായ സംവിധാനങ്ങളും സര്‍ക്കാരും ദുര്‍ബലമായി വരുകയാണ്. ഡല്‍ഹിയുടെ അന്തരീക്ഷം ശുദ്ധിയാക്കണമെന്ന ഒരു ഉത്തരവ് ഒരുജഡ്ജിക്ക് എങ്ങിനെ പുറപ്പെടുവിക്കാന്‍ സാധിക്കൂ. അതു ഞങ്ങള്‍ക്കു കഴിയില്ലെന്ന് സര്‍ക്കാര്‍ തിരിച്ചുപറയാത്തത് നന്നായി. അവര്‍ അങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ എന്തുസംഭവിക്കുമെന്ന് ഊഹിക്കാമോ, എല്ലാം പൂര്‍ണമായി പരാജയപ്പെട്ടേനെയെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക