|    Oct 16 Tue, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബാബരി മസ്ജിദ് തകര്‍ത്തത് ഹൈന്ദവ വിരുദ്ധത: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

Published : 5th December 2017 | Posted By: kasim kzm

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്തത് ഹൈന്ദവ വിരുദ്ധതയാണെന്നും ഇന്ത്യന്‍ ജനതയ്ക്ക് ഇത് ഒരുകാലത്തും മറക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍. ‘നമുക്ക്് മറക്കാതിരിക്കുക വഞ്ചനയുടെ കാല്‍നൂറ്റാണ്ട്’ എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തിയ ബാബരി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതവിഭാഗം  പുണ്യമായി കാണുന്ന ദേവാലയത്തെ തച്ചുടയ്ക്കുകയെന്നത് ഹൈന്ദവ പാരമ്പര്യത്തിനു നിരക്കാത്തതാണ്. ബാബരി മസ്ജിദ് തകര്‍ത്തവര്‍ ചെയ്തത് ഹൈന്ദവ ധര്‍മമല്ല, മറിച്ച് ഹൈന്ദവ വിരുദ്ധതയാണെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും മൂല്യവത്തായ കാര്യം മതേതരത്വമാണ്. ഭരണഘടനയില്‍ പറയുന്ന മൗലികമായ കാര്യങ്ങള്‍ക്ക് മാറ്റംവരുത്താന്‍ പാടില്ലെന്ന് സുപ്രിംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്്. അതുകൊണ്ടുതന്നെ മതേതരത്വ സങ്കല്‍പത്തിന് എതിരായി വരുന്ന ഏതൊരു കാര്യവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ധ്വംസനമാണെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു. രക്തസാക്ഷിത്വങ്ങള്‍ എത്രകാലം കഴിഞ്ഞാലും മറക്കപ്പെടില്ലെന്നും ബാബരി മസ്ജിദ് ഒരു രക്തസാക്ഷിത്വമാണെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച പോപുലര്‍ ഫ്രണ്ട്  സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പറഞ്ഞു. ഇന്ത്യയെ അപകടപ്പെടുത്തുന്ന ഫാഷിസത്തിനെതിരേ യഥാര്‍ഥ വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം രാജ്യത്തെ മതേതരശക്തികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്നും നാസറുദീന്‍ എളമരം പറഞ്ഞു. ലിഖിതമായ ഭരണഘടനയുടെ അടിസ്ഥാനത്തിലല്ല രാജ്യത്ത് ഭരണം നടന്നുവരുന്നതെന്നാണ് ദിവസവും ഇവിടെ നടക്കുന്ന ഒരോ സംഭവത്തിലൂടെയും വ്യക്തമാക്കപ്പെടുന്നതെന്ന് സെമിനാറില്‍ പങ്കെടുത്ത എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പറഞ്ഞു. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ കൂടി തകര്‍ച്ചയുടെ ആരംഭമായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി ആര്‍ അനൂപ് പറഞ്ഞു. മുസ്‌ലിമിന്റെ മാത്രമല്ല, ഇന്ത്യയുടെ വികാരമാണ് ബാബരി മസ്ജിദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ഏകോപനസമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, തേജസ് എക്‌സിക്യൂടട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഖജാഞ്ചി മാവൂടി മുഹമ്മദ് ഹാജി, മെക്ക ജില്ലാ വൈസ് പ്രസിഡന്റ് എ ജമാല്‍ മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതിയംഗം അബ്ദുല്‍ നാസര്‍ ബാഖവി, ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍, ജില്ലാ സെക്രട്ടറി കെ എസ് നൗഷാദ്, സി എ ഷിജാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss