|    Dec 14 Fri, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബാബരി മസ്ജിദ് തകര്‍ത്തത് ഓര്‍മിപ്പിച്ച് വര്‍ഗീയ പ്രസംഗവുമായി ഹിന്ദു ഐക്യവേദി

Published : 21st August 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ഗീയവിഷം ചീറ്റുന്നതും മതസ്പര്‍ധ പരത്തുന്നതുമായ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാക്കള്‍ രംഗത്ത്. മതപരിവര്‍ത്തന കേന്ദ്രമായ സലഫി സെന്റര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച നേതാക്കളാണ് മതവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഓര്‍മിക്കുന്നത് നല്ലതാണെന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബുവിന്റെ ഭീഷണി.
1992ല്‍ പോലിസിന്റെ ലാത്തിയും ബാരിക്കേഡും തള്ളിമാറ്റി അയോധ്യയില്‍ പൊളിക്കാന്‍ തീരുമാനിച്ചത് പൊളിച്ചവരാണ് ഹിന്ദുക്കള്‍. ഹിന്ദു ജനത എല്ലാം നഷ്ടമായവരാണ്. സലഫി സെന്റര്‍ തങ്ങള്‍ക്ക് പെട്ടിക്കട പോലെയാണ്. അതുകൊണ്ട് അവരുടെ ക്ഷമയെ പരീക്ഷിക്കരുത്. പാടത്തെ പണിക്ക് പാടത്തു തന്നെ കൂലികൊടുക്കാന്‍ അറിയാവുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിലൂടെ ഐഎസിലേക്ക് പോയവര്‍ അയച്ച വാട്‌സ്ആപ്പ് മെസേജില്‍ അല്ലാഹുവിന്റെ നാട്ടിലെത്തിയെന്നും ഭാരതത്തില്‍ ജീവിക്കുന്നത് നരകമാണെന്നുമാണ് പറയുന്നത്. ആര്‍ക്കെങ്കിലും അങ്ങോട്ട് പോവണമെങ്കില്‍ പോവാം. എന്നാല്‍, നാടിന്റെ സമാധാനം കെടുത്തരുത്. സ്വര്‍ഗത്തിലേക്ക് പോവണമെങ്കില്‍ അല്ലാഹുവിന്റെ നാട്ടിലെത്തണമെന്നില്ല. കേരളത്തില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അത്തരക്കാരെ നേരിട്ട് സ്വര്‍ഗത്തിലെത്തിക്കാന്‍ തങ്ങള്‍ക്കറിയാം. രണ്ടു മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരേ ഇപ്പോള്‍ നടത്തിയ സമരം സൂചന മാത്രമാണ്. കേരളത്തിലെ മുഴുവന്‍ മതപരിവര്‍ത്തനകേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും ആര്‍ വി ബാബു മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് സംസാരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷും മതവിദ്വേഷം പരത്തുന്ന പ്രസംഗമാണ് നടത്തിയത്.
ജനങ്ങളുടെ കണ്ണുനീര്‍ കാണാത്ത മുഖ്യമന്ത്രിയെ നാടിന് ആവശ്യമില്ല: കുമ്മനം
മലപ്പുറം/മഞ്ചേരി: ജനങ്ങളുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയെ നാടിന് ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മഞ്ചേരി സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണുനീരിന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പുല്ലുവിലയാണ് കല്‍പിച്ചിരിക്കുന്നത്. സത്യസരണി അടക്കമുള്ള സ്ഥാപനങ്ങളില്‍ അനധികൃത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സാക്കിര്‍ നായിക്കിന് മുസ്‌ലിം രാജ്യങ്ങള്‍ പോലും വിലക്ക് കല്‍പിക്കുമ്പോള്‍ മുസ്‌ലിംലീഗ് അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അനധികൃത മതപരിവര്‍ത്തനം നടത്തി യുവതീ യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടിവി രാമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ഹരിദാസ്, മുണ്ടിയമ്മ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss