|    Oct 18 Thu, 2018 3:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാബരി മസ്ജിദ് ഏതെങ്കിലും മതവിഭാഗത്തിന് അനുകൂലമായി വിധിക്കരുത്: സാമൂഹിക പ്രവര്‍ത്തകര്‍

Published : 3rd December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഏതെങ്കിലും മതവിഭാഗത്തിന് അനുകൂലമായി വിധിക്കരുതെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകര്‍.ചൊവ്വാഴ്ച മുതല്‍ കേസ് പരിഗണിക്കാനിരിക്കെ കേസില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് വിവിധ മനുഷ്യാവകാശ, സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും സുപ്രിംകോടതിയില്‍ ഹരജി നല്‍കി.
1992 ഡിസംബര്‍ ആറിനു പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ള പ്രധാനകേസാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ളത്. ഇതില്‍ മുസ്‌ലിംകള്‍ക്കോ ഹിന്ദുക്കള്‍ക്കോ അനുകൂലമായി വിധിവന്നാല്‍ അത് രാജ്യത്ത് വലിയ സംഘര്‍ഷങ്ങള്‍ക്കു കാരണമായേക്കുമെന്നാണ് ഇവരുടെ വാദം. ചലച്ചിത്രപ്രവര്‍ത്തകരായ അപര്‍ണ സെന്‍, ശ്യാം ബെനഗല്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദ്, സാമൂഹികപ്രവര്‍ത്തക മേധ പട്കര്‍,  മാധ്യമപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍, മനുഷ്യാവകാശപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവുമായ ആനന്ദ് പട്‌വര്‍ധന്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഇരു സമുദായങ്ങള്‍ കാത്തിരിക്കുന്ന വിധിയാണിത്. അത് ഏതെങ്കിലും ഒരുവിഭാഗത്തിന് എതിരായാല്‍ ആ വിഭാഗം പ്രതിഷേധവുമായി രംഗത്തുവരുന്നത് സ്ഥിതിഗതികള്‍ വഷളാക്കും. ഇത്  മതേതര സംവിധാനത്തിനു തന്നെ അപകടം വരുത്തും. ലിംഗം, ജാതി, മതം, സമുദായം എന്നിവയ്ക്കു മുകളില്‍ നാം ഇന്ത്യക്കാര്‍ നിലകൊണ്ട് സംഘര്‍ഷഭരിതമായ അന്തരീക്ഷത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. പള്ളി നിലനിന്ന ഭൂമി മൂന്നായി പകുത്ത് 2010ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, നിയമവും ഭരണഘടനയും അനസരിച്ചുള്ള വിധി എന്നതിനപ്പുറം തര്‍ക്കത്തില്‍ നല്ലൊരു രാഷ്ട്രീയ പരിഹാരമായിരുന്നുവെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രമസമാധാനം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മാറ്റിവച്ചതോടെ അത് കോടതികളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ  ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss